മിലന്‍ വാര്‍ഷികാഘോഷവും സര്‍ഗ്ഗ സംവാദവും ജനുവരി 19ന്

മിലന്‍ വാര്‍ഷികാഘോഷവും സര്‍ഗ്ഗ സംവാദവും ജനുവരി 19ന്
മിഷിഗണ്‍: രണ്ടു ദശാബ്ദക്കാലത്തെ മലയാള സാഹിത്യ സേവനം പൂര്‍ത്തിയാക്കുന്ന മിലന്‍ എന്ന മിഷിഗണ്‍ മലയാളികളുടെ സാഹിത്യ കൂട്ടായ്മ അതിന്റെ ഇരുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു.


ജനുവരി 19നു ശനിയാഴ്ച ഡിട്രോയിറ്റ് മാഡിസണ്‍ ഹൈറ്റ് ക്‌നാനായ പള്ളിയങ്കണത്തില്‍ നടക്കുന്ന കലാ സാഹിത്യ സായാഹ്നത്തില്‍ അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍, ലാന എന്ന അമേരിക്കന്‍ മലയാള സാഹിത്യ തറവാടിന്റെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുന്നു.


ദൃശ്യവിനിമയ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചുള്ള മാധ്യമവിചാരത്തില്‍ ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള സാബു കുര്യന്‍ വിഷയം അവതരിപ്പിച്ചു ചര്‍ച്ച നയിക്കുന്നതും, അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ആഗോള സാധ്യതകളെക്കുറിച്ചുള്ള സംവാദം ഷാജന്‍ ആനിത്തോട്ടം ഉത്ഘാടനം ചെയ്യുന്നതുമായിരിക്കും.


അടുത്തിടെ അന്തരിച്ച പ്രമുഖ വിവര്‍ത്തകനും ബാലസാഹിത്യകാരനുമായ ശൂരനാട് രവിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ ഒരുക്കുന്ന നഗറില്‍ സര്‍ഗ്ഗ സംവാദത്തോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറുന്നു.


നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകളിലൂടെ പ്രസാധകരും പ്രായോജകരും ഇല്ലാതെ പുതിയ കൃതികള്‍ വിരല്‍ത്തുമ്പിലൂടെ മുന്നിലെത്തിക്കുന്ന സാഹിത്യവേദികളെയും വിസ്മയങ്ങളെയും കുറിച്ച് പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അറിവ് പകരുന്ന ഓണ്‍ലൈന്‍ വിജ്ഞാന പരിപാടി ശബരി സുരേന്ദ്രനും മനോജ് വാരിയരും ചേര്‍ന്ന് അവതരിപ്പിക്കുന്നു.


തദവസരത്തില്‍ മെട്രോ ഡെട്രോയിറ്റിലെ എല്ലാ ഭാഷാ സ്‌നേഹികളുടെയും കലാസ്വാദകരുടെയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് മാത്യു ചെരുവില്‍ സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍ക്കുളം, മറ്റു ഭാരവാഹികളായ തോമസ് കര്‍ത്തനാല്‍, മനോജ് കൃഷ്ണന്‍, രാജീവ് കാട്ടില്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends