ക്യൂബെക്കില്‍ മത ചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിരോധിച്ച് കൊണ്ടുള്ള ബില്‍ 21നോട് സമ്മിശ്ര പ്രതികരണം; മുസ്ലീംരാജ്യങ്ങളിലെ കാര്‍ക്കശ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ നിരോധനത്തെ സ്വാഗതം ചെയ്യുമ്പോള്‍ പരമ്പരാഗവാദികളുടെ കടുത്ത എതിര്‍പ്പ്

ക്യൂബെക്കില്‍ മത ചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിരോധിച്ച് കൊണ്ടുള്ള ബില്‍ 21നോട് സമ്മിശ്ര പ്രതികരണം; മുസ്ലീംരാജ്യങ്ങളിലെ കാര്‍ക്കശ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ നിരോധനത്തെ സ്വാഗതം ചെയ്യുമ്പോള്‍ പരമ്പരാഗവാദികളുടെ കടുത്ത എതിര്‍പ്പ്
മതവിശ്വാസത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ നിരോധിച്ച് കൊണ്ട് ബില്‍ 21 പാസാക്കിയ ക്യൂബെക്കിന്റെ നീക്കത്തെ നിരവധി പേര്‍ സ്വാഗതം ചെയ്തപ്പോള്‍ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുന്ന നിരവധി പേര്‍ ഇതിനെ എതിര്‍ത്തും രംഗത്തെത്തി. മുസ്ലീം രാജ്യങ്ങളിലെ കടുത്ത മതനിയമങ്ങളില്‍ മനം മടുത്ത് അവിടങ്ങളില്‍ നിന്നും കാനഡയിലേക്ക് പലായനം ചെയ്തവരാണ് മുഖ്യമായും ഈ നിരോധനത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ പൊതു ഇടത്തില്‍ ധരിക്കുന്നതിനെ വരെ വിലക്കാന്‍ വകുപ്പുള്ള ബില്ലാണ് ക്യൂബെക്ക് പാസാക്കിയിരിക്കുന്നത്.

ടുണീഷ്യയില്‍ നിന്നും കാനഡയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ അമെനി ബെന്‍ അമ്മര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്ത് കൊണ്ട് രംഗത്തെത്തിയവരില്‍ ഒരാളാണ്. നിലവില്‍ ഡൗണ്‍ടൗണ്‍ മോണ്‍ട്‌റിയലിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.നോര്‍ത്ത് ആഫ്രിക്കയിലെ മാതൃരാജ്യത്ത് നിന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാനഡയിലെത്തിയതെങ്കിലും ടുണീഷ്യയുമായി ഇപ്പോഴും നല്ല ബന്ധമാണ് അമെനി പുലര്‍ത്തുന്നത്. എന്നാല്‍ അവിടുത്തെ കടുത്ത മതനിയമങ്ങളെ അവര്‍ വെറുക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ മതചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിരോധിച്ച ക്യൂബെക്കിന്റെ നീക്കത്തെ അവര്‍ സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്.

നോര്‍ത്ത് അമേരിക്കയില്‍ ഫ്രഞ്ച് സംസാരിക്കുന്ന നിരവധി രാജ്യങ്ങളില്‍ നിന്നമെത്തിയ അനേകം മുസ്ലീങ്ങള്‍ ക്യൂബെക്കില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ മിക്കവരും ഇത്തരം നിരോധനത്തെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ നിരോധനത്തിനെതിരെ നിരവധി പേര്‍ അണിനിരന്ന മാര്‍ച്ച് ഞായറാഴ്ച അരങ്ങേറിയതില്‍ അമെനി ബെന്‍ അമര്‍ കടുത്ത നിരാശയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ബില്‍ 21 തികച്ചും വിവേചനപരമായ നീക്കമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. വിവാദനായകനായ ഇമാം ആദില്‍ ചാര്‍കൗയി ആണ് ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

2017 ക്യൂബെക്ക് സിറ്റി മോസ്‌കില്‍ നടന്ന വെടിവയ്പില്‍ നിന്നും രക്ഷപ്പെട്ട അയ്‌മെന്‍ ഡെര്‍ബാലി, സയിദ് എല്‍ അമാറി എന്നിവര്‍ പുതിയ ബില്ലിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇത് വംശീയപരവും ഇസ്ലാമോഫോബിയ പരത്തുന്നതുമായ നീക്കമാണെന്നാണ് എല്‍ അമാറി പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends