ന്യുയോര്‍ക്കിലെ 'എക്കോ' കുമരകത്ത് 26 വീടുകള്‍ നിര്‍മിച്ച് സ്നേഹ സാന്ത്വനമേകുന്നു

ന്യുയോര്‍ക്കിലെ 'എക്കോ' കുമരകത്ത് 26 വീടുകള്‍ നിര്‍മിച്ച് സ്നേഹ സാന്ത്വനമേകുന്നു

പ്രളയം ഉഴുതുമറിച്ച കേരളത്തിലേയ്ക്ക് ന്യുയോര്‍ക്കില്‍നിന്നൊരു 'എക്കോ' ഫ്രണ്ട്ലി ഹെല്‍പ്പ്. കൊടിയ പ്രളയത്തിന്റെ ദുരിതം ഇപ്പോഴുമനുഭവിക്കുന്ന കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് 26 വീടുകളാണ്, അമേരിക്കന്‍ മലയാളികളും മറ്റ് ഇന്ത്യന്‍ സമൂഹവും ഉള്‍പ്പെടുന്ന 'എക്കോ' (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട്റീച്ച്) എന്ന സന്നദ്ധ സംഘടന റോട്ടറി ഇന്റര്‍നാഷണലുമായി സഹകരിച്ച് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. മറ്റുള്ളവയുടെ പണികള്‍ പിരോഗമിക്കുന്നു.


ന്യൂയോര്‍ക്ക് ക്വീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കോയുടെ സെക്രട്ടറി ബിജു ചാക്കോയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം, പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട രജിമോന്‍ കളത്തൂത്തറയുടെ വീടിന്റെ തറക്കല്ലിടീല്‍ നടന്നു. കുമരകം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സലിമോന്‍ എ.പി അധ്യക്ഷത വഹിച്ചു.

26 വീടുകള്‍ക്ക് ഒന്നരക്കോടിയോളം രൂപ ചെലവാകുമെന്നും പ്രളയാനന്തര ദുരിതമനുഭവിക്കുന്നവരെ ഇത്തരത്തില്‍ സഹായിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ആറുമാസത്തിനുള്ളില്‍ത്തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് വീടുകളുടെ താക്കോല്‍ കൈമാറുമെന്നും ബിജു ചാക്കോ വ്യക്തമാക്കി.

കുമരകത്തിന്റെ പിന്നോക്ക വാര്‍ഡുകളില്‍ എക്കോയുടെ നിറമനസുകൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സലിമോന്‍ പറഞ്ഞു. തീര്‍ത്തും അര്‍ഹതപ്പെട്ടവര്‍ക്കാണ് വീടുകള്‍ നല്‍കുന്നതെന്നും അതില്‍ എക്കോയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ഇ.കെ ലൂക്ക് പറഞ്ഞു.

റോട്ടറി ഡിസ്ട്രിക്ട് പ്രസിഡന്റ് ഇജു നീരാക്കല്‍, സെക്രട്ടറി ആന്റണി മാത്യു, മുന്‍ പ്രസിഡന്റ് ജോസഫ് ചെറിയാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, ഉഷ സലി, രജിത കൊച്ചുമോന്‍, പി.കെ കൃഷ്ണേന്ദു, പൊതുപ്രവര്‍ത്തകനായ പി.എസ് അനീഷ് തുടങ്ങിയവര്‍ തറക്കല്ലിടീല്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കുമരകം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറന്‍ പ്രദേശത്തെ ജനജീവിതം വളരെ ദയനീയമാണ്. പ്രളയജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളിലാണ് മിക്കവരും താമസിക്കുന്നത്. ഇവിടെ വീടുകളല്ല, കൂരകളേക്കാള്‍ കഷ്ടമായ താമസ കേന്ദ്രങ്ങളാണുള്ളത്. നാലുതൂണുകളില്‍ വലിച്ചു കെട്ടിയ പടുതയ്ക്കു കീഴിലാണിവര്‍ ജീവിതം തള്ളിനീക്കുന്നത്. പരിസരമലീനീകരണമാവട്ടെ വലിയതോതിലുമാണ്. ശുചിമുറിയുടെ അഭാവം എടുത്തുപറയേണ്ട പ്രധാന പ്രശ്നമാണ്. കൊതുകുശല്യം അസഹനീയമാണ്. ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം എക്കോയുടെ സെക്രട്ടറി ബിജു ചാക്കോ നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.

കുമരകം ഗ്രാമപഞ്ചായത്തിലെ അത്യന്തം ശോചനീയാവസ്ഥകളുള്ള 1, 4, 6, 7, 8, 16 വാര്‍ഡുകളിലാണ് വീടുകളുടെ നിര്‍മാണമിപ്പോള്‍ നടക്കുന്നത്. ഈ പ്രദേശം തന്നെ എക്കോ പ്രളയ പുനരധിവാസത്തിനായി തിരഞ്ഞെടുത്തത് തങ്ങള്‍ക്ക് വലിയ അനുഗ്രഹമായെന്നും വിലമതിക്കാനാവാത്ത ഈ കൈത്താങ്ങിന് അവരോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നും ഗുണഭോക്താക്കളിലൊരാള്‍ പറഞ്ഞു. രണ്ട് ബെഡ് റൂമും അടുക്കളയും സിറ്റ്ഔട്ടുമുള്ള ബാത്ത് അറ്റാച്ച്ഡ് വീടുകളാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഒരു വീടിന് ഏകദേശം 5.75 ലക്ഷം രൂപ ചെലവുവരുമെന്ന് ബിജു ചാക്കോ പറഞ്ഞു. അമേരിക്കന്‍ മലയാളികളില്‍ നിന്നും ഇതര ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍നിന്നുമാണ് എക്കോ ധനശേഖരണം നടത്തിയത്. തുക റോട്ടറി ഇന്റര്‍നാഷണല്‍ ന്യുഹൈഡ്പാര്‍ക്ക് പ്രസിഡന്റ് രവിശങ്കര്‍ പൂപ്പ്ലാപ്പൂരിന് എക്കോയുടെ ഭാരവാഹികളായ വര്‍ഗീസ് ജോണ്‍, ഡോ. തോമസ് മാത്യു, സാബു ലൂക്കോസ് എന്നിവര്‍ ന്യൂയോര്‍ക്കില്‍ വച്ച് നേരത്തെ കൈമാറിയിരുന്നു. സോളമന്‍ മാത്യു, കൊപ്പാറ ബി സാമുവേല്‍, കാര്‍ത്തിക് ധര്‍മ എന്നിവരാണ് എക്കോയുടെ മറ്റ് ഭാരവാഹികള്‍.

എക്കോ ഇതിനു മുമ്പും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുടെ നിര്‍ലോഭമായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും മറ്റും ആവേശകരമായ സഹായ സഹകരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിണിതപ്രജ്ഞരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ സേവകരാണ് ഈ മാതൃകാ സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്.

ജന്മനാട്ടിലെന്ന പോലെ കര്‍മ്മഭൂമിയിലും എക്കോ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പഠനസഹായം, ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികള്‍ക്കും അനാഥ ബാല്യങ്ങള്‍ക്കുമുള്ള സഹായം തുടങ്ങിയവ എക്കോയുടെ പ്രവര്‍ത്തന അജണ്ടയില്‍ ഉള്‍പ്പെടുന്നു.

കമ്മ്യൂണിറ്റി അവെയര്‍നെസ് പ്രോഗ്രാം, ടാക്സ് പ്ലാനിംഗ് ആന്‍ഡ് എസ്റ്റേറ്റ് വര്‍ക് ഷോപ്പ്, ഫ്രീ ക്യാന്‍സര്‍ അവെയര്‍നെസ് ക്യാമ്പ്, മെഡികെയര്‍ എന്റോള്‍മെന്റ് സെമിനാര്‍, കോളേജ് എഡ്യുക്കേഷന്‍ വര്‍ക് ഷോപ്പ് തുടങ്ങിയവ സമീപ കാലത്ത് എക്കോ സംഘടിപ്പിച്ച പരിപാടികളാണ്. വൃക്കദാനത്തിലൂടെ ചിരപരിചിതനായ ചിറമ്മേല്‍ അച്ചന്‍ കേരളത്തല്‍ എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

Other News in this category4malayalees Recommends