മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍വാലി ഓണാഘോഷം വേറിട്ടതായി

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍വാലി ഓണാഘോഷം വേറിട്ടതായി

മാന്റിക്ക: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍വാലി കാലിഫോര്‍ണിയ (MACC മാക്) യുടെ ഓണാഘോഷത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയിലെങ്ങും നടന്നുവന്ന ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. ലോക ടെക്നോളജി തലസ്ഥാനമായ കാലിഫോര്‍ണിയയിലെ ശാന്തസുന്ദരമായ പ്രദേശമാണ് സെന്‍ട്രല്‍വാലി. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളിലാണ് വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളില്‍ നിന്ന് നൂറിലധികം കുടുംബങ്ങളിലേക്ക് വളര്‍ന്നത്. ഈ പ്രദേശത്തു താമസിക്കുന്ന എല്ലാ മലയാളികളും MACC(മാക്)ലെ അംഗങ്ങളുമാണ്.


മലയാളിയുടെ തനതായ സംസ്‌കാരവും പാരമ്പര്യവും നഷ്ടപ്പെട്ടുത്താതെയാണ് പുതിയ തലമുറയെ ഇവിടുത്തെ കുടുംബങ്ങള്‍ വളര്‍ത്തുന്നത്. ഈ വര്‍ഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. മാന്റിക്കാ സീനിയര്‍ സെന്ററില്‍ വെച്ച് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് ഓണാഘോഷം തുടങ്ങിയത്. കസവണിഞ്ഞ ബാലികമാരുടേം മങ്കമാരുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടും കൂടെ മാവേലിത്തമ്പുരാന്‍ എഴുന്നള്ളിയതോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ മാത്യൂവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയയിലൂടെ ജനകീയനും പ്രിയങ്കരനുമായ ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മതപരമായ അതിര്‍വരമ്പുകള്‍ക്കു അപ്പുറമായി സാംസ്‌കാരികമായും സാമൂഹികമായും ഓണാഘോഷം നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വിനോദ് സംസാരിച്ചു.

നയനമനോഹരമായ നൃത്ത പരിപാടികളും ശ്രവ്യസുന്ദരമായ ഗാനാലാപനങ്ങളും ആളുകളെ കുടുകുടാചിരിപ്പിച്ച സ്‌കിറ്റുകള്‍ കൊണ്ടും സമൃദ്ധമായിരുന്നു ആഘോഷ സായാഹ്നം. ഇടവേള കട്ടന്‍കാപ്പിയും നെയ്യപ്പവും കൊണ്ട് സ്വാദിഷ്ടമാക്കി. സെക്രട്ടറി മനു പെരിങ്ങേലില്‍ കൃതജ്ഞത അര്‍പ്പിച്ചു.

കമ്മിറ്റി അംഗങ്ങളുടേയും ഭാരവാഹികളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആഘോഷങ്ങള്‍ക്ക് മിഴിവേകി. അസോസിയേഷന്‍ പി ആര്‍ ഒ അവിനാഷ് തലവൂറാണ് വിവരങ്ങള്‍ അയച്ചു തന്നത്.

Other News in this category4malayalees Recommends