'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച്  തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമാണെന്നു കൂട്ടിച്ചേര്‍ത്ത അദ്ദേഹം പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് പിണറായി ചോദിച്ചു


'ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്? അത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോള്‍ ഈ സ്ഥാനത്തിന് ചേര്‍ന്ന പദമാണോ ഇപ്പോള്‍ പറഞ്ഞത്? കപടഹിന്ദു, എന്നല്ലേ പറഞ്ഞത്? ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? (കയ്യടികള്‍) ഈ പ്രതിപക്ഷനേതാവിന്റെ? ഇവിടെ ശങ്കര്‍ റൈയെപ്പോലൊരു സ്ഥാനാര്‍ത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പത്തം എങ്ങനെയാണ് വന്നത്? നമ്മടെ അങ്ങോട്ടൊക്കെ പറഞ്ഞാല്‍ നിങ്ങളെ അറിയാം എല്ലാവര്‍ക്കും. ഈ മഞ്ചേശ്വരത്തെ സാധുക്കള്‍ക്ക് മുന്നില്‍ വന്നിട്ട് ഇത് പോലെ നിങ്ങളാണെന്ന് പറയണമായിരുന്നോ? - മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കോണ്‍ഗ്രസും യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നേയില്ല. ഒരു കാര്യവും പറയാന്‍ അവര്‍ക്കില്ല. ആകെ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അതിന് അവര്‍ക്ക് ഒരു കുഴപ്പവുമില്ല. അവര്‍ക്ക് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് കുഴപ്പം. വിശ്വാസിയാകാന്‍ പാടില്ല. ഈ പരിപാടിയില്‍ തടിച്ചുകൂടിയ ജനാവലിയില്‍ മഹാഭൂരിപക്ഷം വിശ്വാസികളല്ലേ.. ആ വിശ്വാസികളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ വിശ്വാസിയായിട്ടുള്ള ആള്‍ പോകുന്നതില്‍ എന്താണ് തെറ്റ് പിണറായി കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends