'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍
കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ മാത്രം തിരിയുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും മേയര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തില്‍ കൊച്ചിയിലുണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാര്‍ത്തിയ ഹൈബി ഈഡന്‍ എംപിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനമാണ് സൗമിനി ജെയിന്‍ ഉന്നയിച്ചത്.
പോളിങ് ദിവസം കൊച്ചി നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ട് മൂലം ജനജീവിതം ദുസ്സഹമായതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദടക്കമുള്ള നേതാക്കള്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തു വരികയായിരുന്നു. വെള്ളക്കെട്ട് സംബന്ധിച്ച ഹര്‍ജിയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റു വാങ്ങിയ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ വിമര്‍ശനം. മേയര്‍ രാജി വെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇതിനിടെയിലായിരുന്നു ഹൈബി ഈഡന്റെ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാനുള്ള കാരണം കോര്‍പ്പറേഷനിലെ അഴിമതിയാണെന്ന തരത്തിലായിരുന്നു ഹൈബിയുടെ വിമര്‍ശനം.