എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് നീക്കം. മുന്‍ പൊതുമരാമത്ത് മന്ത്രിയെ പ്രചാരണത്തിനിറക്കിയാല്‍ പാലവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുമെന്നും ഇത് ഒഴിവാക്കാനാണ് നീക്കമെന്നുമാണ് വിവരങ്ങള്‍.
എറണാകുളത്ത് എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധമാണ് പാലാരിവട്ടം പാലം അഴിമതി. ഇടത്പക്ഷം വിഷയം മണ്ഡലത്തിലുടനീളം പ്രചാരണായുധമാക്കുമ്പോഴാണ് അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അസാന്നിധ്യവും ചര്‍ച്ചയാകുന്നത്. കളമശ്ശേരി മണ്ഡലം എംഎല്‍എ കൂടിയായ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് അന്വേഷണം നേരിടാനും യുഡിഎഫ് തയ്യാറാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.