സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
അവസാനം വരെ ഒപ്പത്തിനൊപ്പം പോരാടിയതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ഇന്ന് നടക്കുന്ന കൊട്ടിക്കലാശം അവസാനവട്ട ശക്തിപ്രകടനമാക്കി മാറ്റുകയാണ് മുന്നണികളുടെ ലക്ഷ്യം. പ്രചാരണ വേളയില്‍ കാണാന്‍ വിട്ടു പോയ വിഭാഗങ്ങളെയും സംഘടനകളെയും കണ്ട് ഒരിക്കല്‍ കൂടി പിന്തുണ ഉറപ്പിക്കാനുമുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും ഒപ്പം മുഴുവന്‍ വോട്ടര്‍മാരെയും കാണാനുമാകും മുന്നണികള്‍ ഇനിയുള്ള മണിക്കൂറുകള്‍ വിനയോഗിക്കുക.