കൊറോണ ലോക്ക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ കാനഡക്കാര്‍ നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിന് 2900 ഡോളര്‍ സ്വയം വഹിക്കണം; കൊറോണ പ്രതിസന്ധിയാലാണ് സ്‌പെഷ്യല്‍ ഫ്‌ലൈറ്റിന് പതിവിലേറെ ചാര്‍ജേറിയതെന്ന് വിശദീകരണം; ശേഷിയില്ലാത്തവര്‍ക്ക് ലോണ്‍ അനുവദിക്കും

കൊറോണ ലോക്ക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ കാനഡക്കാര്‍ നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിന് 2900 ഡോളര്‍ സ്വയം വഹിക്കണം; കൊറോണ പ്രതിസന്ധിയാലാണ് സ്‌പെഷ്യല്‍ ഫ്‌ലൈറ്റിന് പതിവിലേറെ ചാര്‍ജേറിയതെന്ന് വിശദീകരണം; ശേഷിയില്ലാത്തവര്‍ക്ക് ലോണ്‍ അനുവദിക്കും
കോവിഡ്-19നെ തുരത്താനായി ഇന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ട് പോയ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കാനഡയിലേക്കെത്തിക്കുന്നതിനായി പ്രത്യേക വിമാനത്തിന് 2900 ഡോളര്‍ നല്‍കാന്‍ നിര്‍ദേശമുയര്‍ന്നു. ഇതിനായുളള തുക ഈ കാനഡക്കാര്‍ തന്നെ സ്വയം വഹിക്കണമെന്നാണ് കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് കാനഡയിലേക്ക് തിരിച്ച് വരുന്നതിനായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവ ഉപയോഗിച്ച് സ്വദേശത്തേക്ക് വരാന്‍ സാധിക്കുമെന്നുമാണ് ഈ കാനഡക്കാരെ ഫെഡറല്‍ ഗവണ്‍മെന്റ് ഇമെയിലൂടെ അറിയിച്ചിരിക്കുന്നത്.

കൊറോണയെ തുരത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ട് പോയവരുമായ ഈ കാനഡക്കാര്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്താന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നവരാണ്. ഇത്തരത്തിലുള്ള വിമാനത്തില്‍ കാനഡയിലേക്ക് എത്തുന്നതിന് ഒരു യാത്രക്കാരന്‍ നല്‍കേണ്ടുന്ന ചാര്‍ജാണ് 2900 ഡോളര്‍. നിലവില്‍ കാനഡയിലേക്കുള്ള ഒരു റിട്ടേണ്‍ ഫ്‌ലൈറ്റിന് 2000ഡോളറില്‍ കുറവേ വേണ്ടി വരുന്നുള്ളൂ.

അതിനാല്‍ ഇപ്പോഴത്തെ പ്രത്യേക വിമാനത്തിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ചാര്‍ജായ 2900ഡോളര്‍ വളരെ കൂടുതലാണെന്ന ആരോപണം ശക്തമാണ്. ഈ വിഷമാവസ്ഥയില്‍ ഇന്ത്യയില്‍ പെട്ട് പോയ തങ്ങളെ തിരിച്ചെത്തിക്കാന്‍ കാനഡ പ്രത്യേക വിമാനങ്ങള്‍ ലഭ്യമാക്കുന്നത് സന്തോഷകരമാണെങ്കിലും ഈ അവസരത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം പിഴിഞ്ഞെടുക്കുന്നത് പോലെയാണ് വിമാനത്തിന്റെ ചാര്‍ജ് ഇത്രയധികം ഉയര്‍ത്തിയതിലൂടെ തോന്നുന്നതെന്നാണ് ഇന്ത്യയില്‍ പെട്ട് പോയ കനേഡിയന്‍ സംഘത്തിലെ മെലിസ ചന്ദ ആരോപിക്കുന്നത്.

ഒരു കനേഡിയന്‍ എയര്‍ലൈനിന്റെ വിമാനങ്ങളല്ല ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മറ്റൊരു വിമാനക്കമ്പനിയില്‍ നിന്നും തങ്ങള്‍ വിലപേശി ഏറ്റവും ചുരുങ്ങിയ നിരക്കിലെത്തിച്ചേര്‍ന്നതാണെന്നുമാണ് ഗ്ലോബല്‍ അഫയേര്‍സ് കാനഡയുടെ വക്താവ് വിശദീകരണം നല്‍കിയിരിക്കുന്നത്. നിലവിലെ കടുത്ത സാഹചര്യത്തില്‍ വിമാന പറത്തുകയെന്നത് പതിവിലുമധികം ചെലവേറിയ കാര്യമായതിനാലാണ് ഇത്രയ്ക്കും ചാര്‍ജ് കൊടുക്കേണ്ട അവസ്ഥയുണ്ടായതെന്നും വക്താവ് പറയുന്നു.

ഇതിനുള്ള പണം ഇല്ലാത്തവര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ 5000 ഡോളര്‍ ലോണ്‍ അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കൊറോണ പ്രതിസന്ധിയില്‍ പെറു, സ്‌പെയിന്‍, ഹോണ്ടുറാസ്, ഇക്വഡോല്‍, എല്‍ സാല്‍വദോര്‍, ഗ്വാട്ടി മാല എന്നീ രാജ്യങ്ങളില്‍ പെട്ട് പോയ കാനഡക്കാരെ രക്ഷിക്കാനും ഇത്തരത്തിലുളള നീക്കം നടക്കുന്നുണ്ടെന്നും ഗ്ലോബല്‍ അഫയേര്‍സ് കാനഡയുടെ വക്താവ് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends