ഫൊക്കാന ഇലക്ഷന്‍ മാറ്റിവയ്ക്കണം: ഏബ്രഹാം കളത്തില്‍

ഫൊക്കാന ഇലക്ഷന്‍ മാറ്റിവയ്ക്കണം: ഏബ്രഹാം കളത്തില്‍

ലോക ജനത കോവിഡ് 19 പോലെ ഒരു മഹാവ്യാധിയില്‍ സ്വന്തം ജീവന്‍പോലും പൊഴിഞ്ഞുവീഴുന്ന വ്യാഥിയില്‍ തകര്‍ന്നുപോകുന്ന മാനസീകാവസ്ഥയില്‍ സമൂഹത്തിനും, സാമൂഹ്യ നന്മയ്ക്കും കൈത്താങ്ങാകേണ്ട ഫൊക്കാന പോലെയുള്ള ഒരു സംഘടന 2020 ജൂലൈ മാസത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ പ്രഖ്യാപിച്ചതു തികച്ചും അപമാനവും നിരുത്തരവാദപരവും ആണെന്നു വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ പ്രസ്താവിച്ചു.


പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മലയാളി സമൂഹം കൂടുതലായി ജോലി ചെയ്യുന്നത് മെഡിക്കല്‍ മേഖലയിലാണല്ലോ. സ്വന്തം കുടുംബത്തേയും മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും കാണുവാനും കുഞ്ഞുങ്ങളെ തലോടാനും കഴിയാത്ത, ഹൃദയഭാരത്താല്‍ വേദനയോടെ കഴിയുന്ന മലയാളി സമൂഹത്തിനു താങ്ങും തണലുമാകേണ്ട ഫൊക്കാന ഈ അവസരത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതിന്റെ പൊരുള്‍ സാമാന്യ ജനതയ്ക്ക് മനസില്ലാക്കാവുന്നതേയുള്ളൂ. അധികാരത്തിനും പദവികള്‍ക്കും ഒരു മനുഷ്യ ജീവന്റെ വിലയേക്കാള്‍ ഉന്നതം എന്നു കരുതി വളരെ സങ്കുചിതമായി കൈക്കൊണ്ട ഈ നടപടി വളരെ അനവസരവും അവസരോചിതവുമായിപ്പോയി. വേദനയുടെ ചീളു തറച്ച ഒരു ഹൃദയത്തെ തലോടുവാന്‍ കഴിഞ്ഞില്ലെങ്കിലും, പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള ഒരു ആശ്വാസത്തിന്റെ കൈത്താങ്ങല്‍ നല്‍കാന്‍ ഫൊക്കാനയ്ക്ക് കഴിയട്ടെ.

ഈ വൈകാരിക വ്യാധിയുടെ സമയം, ഫൊക്കാന ഇലക്ഷന്‍ നിലപാടുകളുമായി മുമ്പോട്ടു പോയാല്‍ അത് മലയാളി സമൂഹത്തിന്റെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയും. ജനമധ്യത്തില്‍ ഒറ്റപ്പെടലിന്റെ അവസ്ഥ ഉളവാക്കുകയും ചെയ്യും. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍, ആ നടപടികള്‍ തിരുത്താനും, ശൈലി മാറ്റാനും തയാറാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഈ ഇലക്ഷന്‍ നടത്തിയേ തീരു എന്ന പിടിവാശി ഉപേക്ഷിക്കുക അല്ലെങ്കില്‍ അതു അജ്ഞതയില്‍ തുടക്കമിട്ട് ഖേദത്തില്‍ അവസാനിക്കുന്ന ഒരു നടപടിയാകും. നമ്മുടെ സമൂഹത്തിനും, ലോക ജനതയ്ക്കും, സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നനവാര്‍ന്ന ഓര്‍മ്മകളും ചേര്‍ത്തുപിടിക്കുന്ന, ഒരു കോവിഡ് 19 വിമുക്ത ലോകത്തിനായി ഒത്തൊരുമിക്കാം, പ്രയത്നിക്കാം.

ഏബ്രഹാം കളത്തില്‍ (ഫൊക്കാന വൈസ് പ്രസിഡന്റ്).

Other News in this category



4malayalees Recommends