നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ നാഷണല്‍ സര്‍വ്വേയ്ക്ക് പിന്തുണയുമായി ഫോമയും ഫൊക്കാനയും

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ നാഷണല്‍ സര്‍വ്വേയ്ക്ക് പിന്തുണയുമായി ഫോമയും ഫൊക്കാനയും

ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യന്‍ വംശജരായ നേഴ്സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാഷണല്‍ സര്‍വ്വേയ്ക്ക് , നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ദേശീയ തലത്തില്‍ ഏകോപിപ്പിക്കുന്ന ഫോമയും ഫൊക്കാനയും പിന്തുണ അറിയിച്ചു. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാരുടെ സാന്നിധ്യത്തെപ്പറ്റി പരമാവധി വിവരങ്ങള്‍ ശേഖരിക്കുവാനായി നൈന നടത്തുന്ന ഈ സര്‍വ്വേ പുരോഗമിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദീശീയ സംഘടനകളായ ഫോമയുടെയും ഫൊക്കാനയുടെയും പിന്തുണക്ക് വളരെ പ്രസക്തിയുണ്ട്.


കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ കോവിഡിനെ പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ നിരവധി ഇന്ത്യന്‍ വംശജര്‍ ഉണ്ട് എന്നത് ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളം അഭിമാനം പകരുന്ന ഒന്നാണ് എന്നും, അത് കൊണ്ട് തന്നെ അമേരിക്കയിലെ നേഴ്സുമാരെ ദേശീയ തലത്തില്‍ സംഘടനാപരമായി പ്രതിനിധീകരിക്കുന്ന നൈനയുടെ ഈ സര്‍വ്വേയുമായി സഹകരിക്കുവാനും സര്‍വേയെ പിന്തുണക്കുവാനും ഫോമാ പ്രതിജ്ഞാബദ്ധമാണ് എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചതായി ഫോമാ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. അമേരിക്കന്‍ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ ഇന്ത്യന്‍ വംശജരായ നഴ്സുമാര്‍ക്കും ഫോമാ എക്‌സിക്യു്ട്ടീവിന്റെ പേരില്‍ നന്ദി അറിയുക്കന്നതായും അദ്ദേഹം അറിയിച്ചു.

കോവിഡ് 19 നെ പ്രതിരോധിക്കുവാനായി മുന്‍ നിരയില്‍ നില്‍ക്കുന്ന ഇന്ത്യ നേഴ്സുമാര്‍ ഏറെ ആദരവും അംഗീകാരവും അര്‍ഹിക്കുന്നവരാണ് എന്നും അവര്‍ക്ക് മലയാളി സമൂഹത്തിന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും ഫൊക്കാനാ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് മാധവന്‍ ബി നായര്‍ അറിയിച്ചതായി ഫൊക്കാനാ സെക്രട്ടറി ടോമി കൊക്കാട്ടില്‍ അറിയിച്ചു. അതോടൊപ്പം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴുമാരുടെ വിവരങ്ങള്‍ ശേഖരിക്കുവാനായി നൈന ഏറ്റെടുത്തിരിക്കുന്ന ഈ ചരിത്ര ദൗത്യത്തിന് ഫൊക്കാനയുടെ പിന്തുണ ഉണ്ടായിരിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യന്‍ നേഴ്സുമാരുടെ വിവരശേഖരണത്തില്‍ പങ്കാളികളാകുവാന്‍ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലെയും നേഴ്സുമാരോട് അദ്ദ്‌ദേഹം അഭ്യര്‍ത്ഥിച്ചു.

നൈനയുടെ നാഷണല്‍ പ്രസിഡണ്ട് ആഗ്‌നസ് തേരാടി ഇരു സംഘടനകളുടെയും നേതൃത്വത്തോട് പിന്തുണക്കുള്ള നന്ദി അറിയിച്ചു. ശ്രീമതി ആഗ്നസ് തേരാടിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിയ കമ്മറ്റിയാണ് അമേരിക്കന്‍ നേഴ്സുമാരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകുവാന്‍ വേണ്ടിയുള്ള സര്‍വേയ്ക്ക് കഴിഞ്ഞ വാരത്തില്‍ തുടക്കം കുറിച്ചത്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നല്‍കിയ നേഴ്സിങ് മേഖലയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യന്‍ നേഴ്സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യന്‍ നേഴ്സുമാര്‍. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാരെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനം ലഭ്യമാക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്‌സിങ്ങ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സര്‍വ്വേ, അമേരിക്കന്‍ ഇന്ത്യന്‍ നേഴ്സുമാരുടെ ചരിത്രത്തില്‍ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സര്‍വ്വേയുമായി NAINA മുന്നോട്ട് വന്നിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്‌നസ് തേരാടി അറിയിച്ചു. ഇത് പോലൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് വന്നപ്പോള്‍ തന്നെ നിരവധി നേഴ്‌സുമാരും ഇന്ത്യന്‍ സമൂഹത്തിലെ വ്യക്തികളും സംഘടനകളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുണ്ട് എന്നത് വളരെ ചാരിതാര്‍ഥ്യം പകരുന്ന കാര്യമാണ് എന്നും, ജൂണ്‍ 10ന് പൂര്‍ത്തിയാക്കത്തക്ക വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന സര്‍വ്വേയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കമ്മറ്റിക്ക് വേണ്ടി ശ്രീമതി ആഗ്‌നസ് തേരാടി അറിയിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ എത്ര നഴ്‌സുമാര്‍ ഉണ്ട് എന്നോ അവരൊക്കെ നഴ്‌സിങ്ങിന്റെ ഏതൊക്കെ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നോ ഉള്ള സ്ഥിതിവിവര കണക്കുകള്‍ ലഭ്യമല്ല എന്ന പോരായ്മക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട്, അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരെ സംബന്ധിച്ചുള്ള പ്രാഥമിക വിവരശേഖരണം, ഇന്ത്യന്‍ സമൂഹത്തിനു തന്നെ പ്രയോജനപ്രദമാകും എന്ന പ്രതീക്ഷയോടെയാണ് ഈ സര്‍വ്വേനടത്തപ്പെടുന്നത്. അസോസിയേഷന്റെ അംഗത്വമോ മറ്റു വസ്തുതകളോ പരിഗണിയ്ക്കാതെയും , ഇതിലൂടെ ലഭിയ്ക്കുന്ന വിവരങ്ങള്‍ക്ക് വേണ്ട സ്വകാര്യത ഉറപ്പു നല്‍കികൊണ്ടുമാണ് ഈ സര്‍വ്വേ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഏകദേശം അഞ്ചു മിനുറ്റില്‍ പൂര്‍ത്തിയാക്കാവുന്ന ഈ സര്‍വ്വേ ഇപ്പോള്‍ ജോലി ചെയ്യുന്നവരും റിട്ടയര്‍ ചെയ്തവരുമായ LPN / LVN, RN, APRN ആയ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്.

നൈനയുടെ ഔദ്യോഗിക വെബ്സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/ എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സര്‍വ്വേ പൂര്‍ത്തീകരിക്കാവുന്നതാണ്. കൂടാതെ 1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറില്‍ വിളിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് സംന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മേല്പറഞ്ഞ ടോള്‍ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും ലഭ്യവുന്നതായിരിക്കും . നൈനയുടേ സര്‍വ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി Simi Jesto Joseph, DNP, APN, NP-C ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവര്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends