പഞ്ചാബില്‍ നവംബറില്‍ റഫറണ്ടം നടത്താനുളള ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കാനഡ; തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി; ഇന്ത്യയുടെ അഖണ്ഡത, സ്വാതന്ത്ര്യം, ഐക്യം , പരമാധികാരം എന്നിവയെ മാനിക്കുന്നുവെന്ന് കാനഡ

പഞ്ചാബില്‍ നവംബറില്‍ റഫറണ്ടം നടത്താനുളള ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കാനഡ;  തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി;  ഇന്ത്യയുടെ  അഖണ്ഡത, സ്വാതന്ത്ര്യം, ഐക്യം , പരമാധികാരം എന്നിവയെ മാനിക്കുന്നുവെന്ന് കാനഡ
പഞ്ചാബില്‍ ഈ വര്‍ഷം റഫറണ്ടം നടത്താനുള്ള യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ അനുകൂല വിഘടിത ഗ്രൂപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കാനഡ രംഗത്തെത്തി. ഇതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്നോട്ട് വന്നിട്ടുമുണ്ട്. മറ്റ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിക്കണമെന്നും സിംഗ് ആവശ്യപ്പെടുന്നു. യുഎസ് കേന്ദ്രീകൃത വിഘടിത ഗ്രൂപ്പ് നവംബറിലാണ് സ്വയം പ്രഖ്യാപിത റഫറണ്ടം നടത്തുന്നത്.

പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര സിഖ് രാജ്യമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഈ ഖലിസ്ഥാന്‍ അനൂകൂല ഗ്രൂപ്പ് റഫറണ്ടത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കാനഡ ഇന്ത്യയുടെ അഖണ്ഡത, സ്വാതന്ത്ര്യം, ഐക്യം , പരമാധികാരം തുടങ്ങിയവയെ മാനിക്കുന്നുവെന്നും അതിനാല്‍ ഈ റഫണ്ടത്തെ ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഒരു ഇമെയിലില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കാനഡ സര്‍ക്കാര്‍ ഈ റഫണ്ടത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും വക്താവ് പറയുന്നു. കാനഡയുടെ തീരുമാനത്തെ ട്വിറ്ററിലൂടെയാണ് അമരീന്ദര്‍ സിംഗ് സ്വാഗതം ചെയ്തിരിക്കുന്നത്. 2019ല്‍ ഇന്ത്യ നിരോധിച്ച സംഘടനയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. എന്നിട്ടും നവംബറില്‍ റഫറണ്ടം നടത്താന്‍ സംഘടന മുന്നോട്ട് വന്നതില്‍ നാനാ കോണുകളില്‍ നിന്നും എതിര്‍പ്പ് ശക്തമാണ്. ഈ ഗ്രൂപ്പ് ആഹ്വാനം ചെയ്തിരിക്കുന്നതിനെ റഫറണ്ടം എന്ന് വിളിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പഞ്ചാബിലെ റിട്ടയേര്‍ഡ് ഡിജിപിയായ ശശി കാന്ത് പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends