കല്ല് വീണ് മുട്ടകള്‍ പൊട്ടി; തര്‍ക്കത്തിനിടെ 16കാരനെ കുത്തിക്കൊന്നു?

കല്ല് വീണ് മുട്ടകള്‍ പൊട്ടി; തര്‍ക്കത്തിനിടെ 16കാരനെ കുത്തിക്കൊന്നു?
കല്ല് വീണ് കടയില്‍ ഇരുന്ന മുട്ടകള്‍ പൊട്ടിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ സംഗ്രാം വിഹാറിലായിരുന്നു സംഭവം. 16കാരനായ മുഹമ്മദ് ഫൈസാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫാറൂഖിനെ പോലീസ് പിടികൂടി. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കഠാര സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തു.

സംഗ്രാം വിഹാറിലെ കടയ്ക്ക് പുറത്ത് ഇഷ്ടിക അടുക്കുകയായിരുന്നു ഇരയായ ആണ്‍കുട്ടിയും, ഇയാളുടെ പിതാവും, സഹോദരനും. ഇതിനിടയില്‍ ഒരു ഇഷ്ടിക മറിഞ്ഞുവീണ് കടയ്ക്ക് മുന്നില്‍ വെച്ചിരുന്ന ഒരു ട്രേ മുട്ട പൊട്ടുകയായിരുന്നു. താജ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഇതിന്റെ പേരില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ആണ്‍കുട്ടിയുടെ പിതാവ് ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞതോടെ പ്രശ്‌നം താല്‍ക്കാലികമായി ഒതുങ്ങി. എന്നാല്‍ കടയുടമയുടെ മകന്‍ ഇതിലും തൃപ്തനാകാതെ കൗമാരക്കാരന്റെ സഹോദരനെ അക്രമിച്ചു. ഇരയായ കുട്ടി സഹോദരനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെയാണ് കടയുടമയുടെ മകന്‍ കഠാരയെടുത്ത് കുത്തിയത്.

കത്തിക്കുത്ത് നടന്നതോടെ ഞെട്ടിയ കുടുംബാംഗങ്ങളും മറ്റുള്ളവരും പ്രതിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


Other News in this category4malayalees Recommends