പ്രണബ് മുഖര്‍ജിക്ക് പ്രണാമം (ബിനോയ് തോമസ്)

പ്രണബ് മുഖര്‍ജിക്ക് പ്രണാമം (ബിനോയ് തോമസ്)
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവിധ വേഷങ്ങളില്‍ തിളങ്ങി വിടവാങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് എന്റെ പ്രണാമം! ജീവിതത്തില്‍ കാണണമെന്നും, പരിചയപ്പെടണമെന്നുമൊക്കെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ ഒരത്ഭുതം പോലെ, ഒട്ടുമിക്കപ്പോഴും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു വ്യക്തിത്വമായിരുന്നു മുന്‍ രാഷ്ട്രപതി. ഒരു ബാങ്ക്വറ്റില്‍ അദ്ദേഹത്തിനടുത്തിരിക്കാനുള്ള ഭാഗ്യം ഉണ്ടാവുമെന്നു ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുള്ളതല്ലായിരുന്നു. കുറച്ചു വാക്കുകള്‍, ആ വാക്കുകളിലെ ആര്‍ജ്ജവം. വളരെ ആകര്‍ഷണീയമായിരുന്നു ആ അനുഭവം.


ബംഗാളിലെ മിറട്ടി ഗ്രാമത്തില്‍ നിന്നും ഇന്ദിരാഗാന്ധി കൈപിടിച്ച് ദേശീയ രാഷ്ട്രീയത്തിലെത്തിച്ച ഈ കൊച്ചു മനുഷ്യന്‍ പിന്നീട് ചവിട്ടിക്കയറിയ എത്രയോ പദവികള്‍.. രാജ്യസഭാംഗം, കേന്ദ്രമന്ത്രി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, ലോക്‌സഭാ കക്ഷി നേതാവ്, രാഷ്ട്രപതി. അസുലഭമായ ജീവിതവിജയം.


ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും വധിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിപദത്തിനടുത്തുവരെ എത്തിയ വ്യക്തിത്വം. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, രാജീവ് ഗാന്ധിക്കും, മന്‍മോഹന്‍ സിംഗിനും പകരം പ്രണബ് മുഖര്‍ജിയായിരുന്നു അന്ന് പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥ ഒഴിവാക്കപ്പെടുമായിരുന്നു.


മതത്തിന്റേയോ, സിദ്ധാന്തത്തിന്റേയോ അടിസ്ഥാനത്തില്‍ ഇന്ത്യയെ വ്യാഖ്യാനിക്കപ്പെടാനുള്ള ഏതൊരു ശ്രമവും, രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലാക്കുമെന്നു, നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തിലെത്തി ഓര്‍മ്മിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ സമകാലീന ഭാരതത്തിന്റെ ഇന്നത്തെ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ എത്രയോ അര്‍ത്ഥവത്താണ്. തന്റെ വേര്‍പാടിലും ഒരുപക്ഷെ അദ്ദേഹം ഓരോ ഭാരതീയനേയും ഓര്‍മ്മിപ്പിക്കുന്നത് ബഹുസ്വരതയെ ബഹുമാനിക്കുക, നാനാത്വത്തെ ആഘോഷിക്കുക എന്നതായിരിക്കും


പ്രണാബ് മുഖര്‍ജിക്ക്എന്റെ അന്ത്യപ്രണാമം.


Other News in this category



4malayalees Recommends