മുംബൈയ്ക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി ; ധോണിയുടെ കീഴില്‍ ചെന്നൈ വിജയത്തോടെ തുടങ്ങി

മുംബൈയ്ക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി ; ധോണിയുടെ കീഴില്‍ ചെന്നൈ വിജയത്തോടെ തുടങ്ങി
ചെന്നൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

റായിഡു ഡുപ്ലേസി കൂട്ടുകെട്ട് 115 റണ്‍സാണ് അടിച്ചു കൂട്ടിയത്. റായിഡു 48 ബോളില്‍ 71 റണ്‍സ് നേടി (6 ഫോര്‍, 3 സിക്‌സ്) പുറത്തായി. ഡുപ്ലേസി പുറത്താകാതെ 44 ബോളില്‍ 58 റണ്‍സ് നേടി. ധോണി രണ്ട് ബോളില്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. വാട്‌സണ്‍ (4) മുരളി വിജയ് (1) ജഡേജ (10) സാം കറെന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങള്‍. മുംബൈയ്ക്കായി ഭുംറ, ബോള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, പാറ്റിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. മുംബൈയ്ക്കായി ഡികോക്ക് (20 പന്തില്‍ 33) സൗരഭ് തിവാരി (31 പന്തില്‍ 42) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നായകന്‍ രോഹിത്ത് ശര്‍മ്മ (12) സൂര്യകുമാര്‍ യാദവ് (17) ഹാര്‍ദ്ദിക് പാണ്ഡ്യ (14) ക്രുണാല്‍ പാണ്ഡ്യ (3) പൊള്ളാര്‍ഡ് (18) ജയിംസ് പാറ്റിന്‍സണ്‍ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പിയൂഷ് ചൗള, സാം കറെന്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫാഫ് ഡുപ്ലേസിയുടെ മികച്ച രണ്ട് ക്യാച്ചുകള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു.

436 ദിവസത്തിന് ശേഷം എംഎസ് ധോണി വീണ്ടും കളത്തിലേക്കെത്തി.മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ആ നേരിട്ടുള്ള ഏറ് ധോണിയെ ഔട്ടാക്കുക മാത്രമല്ല ചെയ്തത്, ഇന്ത്യക്കാരുടെ മനസ്സില്‍ ഏറ്റവും വലിയ ആഘാതം ഏല്‍പ്പിക്കുക കൂടിയായിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരായ സെമിയില്‍ എംഎസ് ധോണിയുടെ പുറത്താകല്‍ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.


അതിന് ശേഷം ക്രിക്കറ്റില്‍ നിന്നും പിന്‍മാറി നിന്ന ധോണി നാടകീയതകളില്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങലും പ്രഖ്യാപിച്ചു. 436 ദിവസത്തിന് ശേഷം എംഎസ് ധോണി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയത് .ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കൂള്‍ ക്യാപ്റ്റനായി ഐപിഎല്ലില്‍ ധോണിയെത്തി..ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം വിജയത്തോടെ തുടക്കവുമിട്ടു.

കൊറോണ മൂലം കാണികള്‍ ഇല്ലാതെയാണ് മത്സരം നടന്നത്.

സിഎസ്‌കെ ക്യാംപില്‍ കൊറോണ ആശങ്കകള്‍ ഉയര്‍ന്നതോടെ തലവേദന ഉടലെടുത്തിരുന്നു. സുരേഷ് റെയ്‌നയും, ഹര്‍ഭജന്‍ സിംഗും ടീമില്‍ നിന്ന് പിന്‍വാങ്ങിയത് ക്യാപ്റ്റന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി. ഈ വെല്ലുവിളികള്‍ക്ക് ഇടയിലാണ് ധോണി ടീമിനെ നയിച്ചത്. കൂള്‍ ക്യാപ്റ്റന് ഇതൊക്കെ വല്ല പ്രശ്‌നമാണോ. ചെന്നൈ വിജയത്തോടെ തന്നെ തുടങ്ങി.


Other News in this category4malayalees Recommends