സ്‌കോര്‍ബോര്‍ഡില്‍ ചേസ് ചെയ്യാന്‍ 217 റണ്‍സ്. വിക്കറ്റുകള്‍ ഓരോന്നായി വീഴുമ്പോള്‍ ക്യാപ്റ്റന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യസമയത്ത് കളത്തിലിറങ്ങണം. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെതിരെ അടിപതറി നില്‍ക്കുമ്പോഴും ക്യാപ്റ്റന്‍ എംഎസ് ധോണി ഇതിന് മുതിര്‍ന്നില്ല. രാജസ്ഥാനെതിരെ 16 റണ്ണിന് തോറ്റതോടെ ധോണിയുടെ മെല്ലെപ്പോക്കാണ് വീണ്ടും ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ധോണിയുടെ ബാറ്റിംഗിന് പുറമെ ക്യാപ്റ്റന്‍സിയും ആരാധകരുടെയും, വിമര്‍ശകരുടെയും കടുത്ത വാക്കുകള്‍ക്ക് ഇരയാവുകയാണ്. 217 റണ്‍ ചേസ് ചെയ്യുമ്പോള്‍ ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയതിന് ധോണി പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. 'ഇത് പരീക്ഷണത്തിനുള്ള സമയമല്ല, ടൂര്‍ണമെന്റിന്റെ തുടക്കമല്ലേ എന്ന് പറയുന്നതിലും കാര്യമില്ല. ഇത് ടി20 ക്രിക്കറ്റാണ്, തിരിച്ചടി എപ്പോള്‍ വേണമെങ്കിലും കിട്ടാം. അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റേക്കാം. ഇതിന് ശേഷം ഫൈനലില്‍ ഇടംകിട്ടുമോയെന്ന് ചിന്തിക്കാം. ഈ അസംബന്ധം കേള്‍ക്കാന്‍ കഴിയില്ല', പീറ്റേഴ്‌സണ്‍ പറഞ്ഞു.
താന്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കളത്തിലെത്തിയതെന്നും, ജഡേജ, സാം കറാന്‍ പോലുള്ള താരങ്ങള്‍ അവസരം നല്‍കാനുമാണ് ഉദ്ദേശിച്ചതെന്നായിരുന്നു ധോണിയുടെ നിലപാട്. ചില കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ടായിരുന്നു. ഏറെ കാലമായി ഇത് ചെയ്യാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തിലാണ് ഇതിന് സാധിക്കുക. ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ സീനിയര്‍ താരങ്ങള്‍ മുന്നോട്ട് വരികയും, ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യും. മറിച്ചായാല്‍ ടീം ഒരേ രീതിയില്‍ പോകും, ധോണി ടൂര്‍ണമെന്റിന് ശേഷം പറഞ്ഞു.
എന്നാല്‍ ധോണി നേരത്തെ ക്രീസില്‍ എത്തിയെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നത്. മത്സരം വിജയിക്കാന്‍ അവസരം വിനിയോഗിക്കണം. ഡ്യു പ്ലെസിസ് വെടിക്കെട്ട് തുടങ്ങിയപ്പോഴാണ് ധോണിയും ബാറ്റ് വീശിത്തുടങ്ങിയത്. ഒരു അഞ്ച് ഓവര്‍ മുന്‍പെങ്കിലും കളത്തില്‍ എത്തിയെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു, പീറ്റേഴ്‌സണ്‍ കുറ്റപ്പെടുത്തി.