ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ലൈനപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. റോയല്‍സ് ബാറ്റ്‌സ്മാന്‍മാരായ റോബിന്‍ ഉത്തപ്പയ്ക്കും, റിയാന്‍ പരാഗിനും അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞ് പോകുകയാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തം പേരിലുള്ള താരമാണ് ഗംഭീര്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഫിനിഷറുടെ റോള്‍ നിര്‍വ്വഹിക്കാനാണ് ഉത്തപ്പയെ ഇറക്കിയിട്ടുള്ളത്. എന്നാല്‍ മധ്യനിരയില്‍ റണ്‍ കണ്ടെത്താന്‍ പോലും അദ്ദേഹം വിഷമിക്കുകയാണ്. ടീം ആവശ്യപ്പെടുന്നത് നല്‍കാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അവസരത്തിനായി മറ്റ് താരങ്ങളുണ്ടെന്ന് ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.
പ്രത്യേകിച്ച് ബെന്‍ സ്റ്റോക്‌സ് ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഘടനയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. 'റോബിന്‍ ഉത്തപ്പയ്ക്കും, റിയാന്‍ പരാഗിനുമുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉത്തപ്പ ഫോമിന്റെ ലക്ഷണം പോലും കാണിക്കുന്നില്ല. അദ്ദേഹം പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ. ഇതേ അവസ്ഥയാണ് പരാഗിനും ഉള്ളത്', ഗംഭീര്‍ പറയുന്നു.
പല താരങ്ങളും ബെഞ്ചിലിരിക്കുന്നുണ്ട്. ഒപ്പം ബെന്‍ സ്റ്റോക്‌സ് തിരികെ എത്തുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമാകും, ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ 2020 ലേലത്തില്‍ 3 കോടി രൂപയ്ക്കാണ് ഉത്തപ്പയെ ടീം വാങ്ങിയത്. കഴിഞ്ഞ നാല് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 17 ആണ്.