കാലാവധി തീര്‍ന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും

കാലാവധി തീര്‍ന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവര്‍ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീര്‍ന്ന വിസിറ്റ് വിസക്കാര്‍ക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാന്‍ വൈകിയ വിസിറ്റ് വിസക്കാരില്‍ നിന്ന് എമിഗ്രേഷന്‍ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. പിഴ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം. മാനുഷിക പരിഗണന നല്‍കേണ്ടവരാണന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇളവ് ലഭിച്ചേക്കും. എന്നാല്‍, ഇത് പൂര്‍ണമായും അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.

ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. അതേസമയം, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യമാണ് ലഭിക്കുക

Other News in this category



4malayalees Recommends