കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്; ഇനി ഇയാന്‍ മോര്‍ഗന്‍ നയിക്കും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്; ഇനി ഇയാന്‍ മോര്‍ഗന്‍ നയിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ ഐപിഎല്‍ 2020 സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ടീമിനെ നയിക്കും. 7 മത്സരങ്ങളില്‍ കെകെആറിനെ നയിച്ച കാര്‍ത്തിക് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിച്ച ശേഷമാണ് പിന്‍വാങ്ങുന്നത്.

'ഡികെയെ പോലെ നേതാക്കളെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്, ടീമാണ് ഇവര്‍ക്ക് ഒന്നാമത്. ഇതുപോലൊരു തീരുമാനം കൈക്കൊള്ളാന്‍ ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്റെ തീരുമാനം അമ്പരപ്പിച്ചെങ്കിലും ആ താല്‍പര്യത്തെ ബഹുമാനിക്കുന്നു', കെകെആര്‍ സിഇഒ വെങ്കി മൈസോര്‍ പറഞ്ഞു.

2019 ലോകകപ്പ് ജേതാവ് കൂടിയായ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ കെകെആര്‍ വൈസ് ക്യാപ്റ്റനാണ്. മുന്നോട്ടുള്ള മത്സരങ്ങളില്‍ മോര്‍ഗന്‍ ടീമിനെ നയിക്കും. ഈ ടൂര്‍ണമെന്റില്‍ ഡികെയും, ഇയാനും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. റോള്‍ കൈമാറുക മാത്രമാണ് ചെയ്യുന്നത്. ഈ മാറ്റം പ്രശ്‌നങ്ങളില്ലാതെ നടക്കുമെന്നാണ് കരുതുന്നത്, വെങ്കി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ക്യാപ്റ്റനെന്ന നിലയില്‍ ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് ഡികെയ്ക്ക് നന്ദി, മുന്നോട്ട് നയിക്കുന്ന ഇയാന് ആശംസകള്‍, അദ്ദേഹം വ്യക്തമാക്കി. ഈ സീസണിലെ ചില തീരുമാനങ്ങളുടെ പേരില്‍ ദിനേശ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യം രൂക്ഷമായിരുന്നു. ഈ സീസണില്‍ തന്റെ ഫോം മോശമായതോടെയാണ് കാര്‍ത്തിക് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് കരുതുന്നത്.


Other News in this category



4malayalees Recommends