ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കുവാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ കരിനിയമങ്ങള്‍ക്കെതിരെ ചിക്കാഗോ ഗീതാമണ്ഡലം പ്രതിഷേധിച്ചു

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കുവാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ കരിനിയമങ്ങള്‍ക്കെതിരെ ചിക്കാഗോ ഗീതാമണ്ഡലം പ്രതിഷേധിച്ചു
ചിക്കാഗോ: 2018ല്‍ ശബരിമലയിലെ ആചാരലംഘനത്തിനുവേണ്ടി നിലകൊണ്ട സര്‍ക്കാര്‍ ഇപ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമാണ്. ഇതിനായി മണ്ഡലകാലം മുന്നില്‍ കണ്ട്, ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കുവാനുള്ള കേരള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി കൊണ്ട് വന്ന പുതിയ നിയമങ്ങളായ, പമ്പാനദിയില്‍ കുളിക്കുവാന്‍ പാടില്ല, നെയ്യ് അഭിഷേകം ഒഴിവാക്കുക, ഗുരുസ്വാമിമാരെ ഒഴിവാക്കുക (50 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് ദര്‍ശനം പാടില്ല), വിരി വെക്കുവാന്‍ പാടില്ല, സന്നിധാനത്ത് എത്തിയാല്‍ ഇരുമുടികെട്ട് അധികാരികള്‍ക്ക് നല്‍കുക തുടങ്ങിയ കരിനിയമങ്ങള്‍ക്ക് എതിരെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


മറ്റ് മതസ്ഥരുടെ വിശേഷദിനങ്ങളില്‍, അതാത് മതങ്ങളിലെ പുരോഹിതവര്‍ഗ്ഗത്തിന്റെ നിര്‍ദേശപ്രകാരം ആചാരങ്ങള്‍ നടത്തുവാന്‍ അനുവദിച്ച ഭരണകൂടം, ശബരിമലയുടെ കാര്യത്തില്‍ മാത്രം ഏതാനും ഐ എ എസ് ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. ആചാരാനുഷ്ഠാനങ്ങളോടെയുള്ള ഒരു തീര്‍ത്ഥയാത്ര അസാധ്യമായിരിക്കുന്ന ഈ ഒരു സാഹചര്യത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളില്‍ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടത് എന്ന സ്വാമി ചിദാനന്ദപുരിയുടെയും, അന്തര്‍ദേശീയ അയ്യപ്പമഹാസംഗമത്തിന്റെയും ആഹ്വനം ഏറ്റെടുത്ത് 'ഭവനം സന്നിധാനം' എന്ന ആശയം ഏറ്റെടുത്ത് വെര്‍ച്വല്‍ ആയി മണ്ഡലമകരവിളക്ക് സംഘടിപ്പിക്കുവാന്‍ ചിക്കാഗോ ഗീതാമണ്ഡലം തീരുമാനിച്ചു.


ക്ഷേത്രസങ്കല്പങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിര്‍ക്കുകയും, അതിനായി ധാര്‍മ്മികമായ എല്ലാ സഹായങ്ങളും നല്‍കും എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശബരിമലയെ തകര്‍ക്കുവാനോ, ശബരിമലയുടെ പവിത്രത തകര്‍ക്കുവാനോ ആരെയും അനുവദിക്കില്ല എന്നും വൃശ്ചിക പുലരി തൊട്ട് ലോകം മുഴുവനുള്ള അയ്യപ്പഭക്തരുടെ മനസ്സില്‍ അയ്യപ്പ ഭക്തി നിറച്ചുകൊണ്ട് ഓരോ ഗൃഹവും മറ്റൊരു ശബരിമല സന്നിധാനം ആക്കി കൊണ്ട് ലോക നന്മക്കും ലോക ശാന്തിക്കുമായി ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലം നമ്മുക്ക് ആഘോഷിക്കാം എന്ന് ഗീതാമണ്ഡലം ഡയറക്ടര്‍ ബോര്‍ഡും അഭിപ്രായപ്പെട്ടു.



Other News in this category



4malayalees Recommends