തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതിയ വാഗ്ദാനവുമായി സ്‌കോട്ട് മൊറിസണ്‍ ; വീട് വാങ്ങാന്‍ സൂപ്പറാന്വേഷന്റെ നാല്‍പ്പതു ശതമാനം ചെലവാക്കാം ; വീടു വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതിയ വാഗ്ദാനവുമായി സ്‌കോട്ട് മൊറിസണ്‍ ;  വീട് വാങ്ങാന്‍ സൂപ്പറാന്വേഷന്റെ നാല്‍പ്പതു ശതമാനം ചെലവാക്കാം ; വീടു വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ആദ്യ വീടു വാങ്ങാന്‍ ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്ന പുതിയ വാഗ്ദാനവുമായി പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. വീടു വാങ്ങുന്നതിനാവശ്യമായ നിക്ഷേപ തുക കണ്ടെത്താനായി സൂപ്പറാന്വേഷന്‍ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കും എന്നാണ് പ്രഖ്യാപനം.

തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍, ആദ്യ വീടു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സൂപ്പറാന്വേഷന്‍ നീക്കിയിരിപ്പിന്റെ 40 ശതമാനം ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വീടു വിലയുടെ അഞ്ചു ശതമാനം തുക സമ്പാദ്യമായി കൈവശമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ സൂപ്പറാന്വേഷന്‍ തുക കൂടി ഉപയോഗിക്കാന്‍ കഴിയുക.പരമാവധി 50,000 ഡോളര്‍ വരെയാകും ഇങ്ങനെ ഉപയോഗിക്കാന്‍ കഴിയുക

എപ്പോഴെങ്കിലും ആ വീട് വിറ്റാല്‍, സൂപ്പറാന്വേഷനില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്‌ക്കേണ്ടിവരും. വീടുവിലയിലെ വര്‍ദ്ധനവില്‍ നിന്നും (ക്യാപിറ്റല്‍ ഗെയിന്‍സ്) ആനുപാതികമായ തുക കൂടി സൂപ്പര്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണം.2023 ജൂലൈ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും എന്നാണ് സ്‌കോട്ട് മോറിസന്റെ പ്രഖ്യാപനം.

പദ്ധതി നടപ്പാക്കിയാല്‍ വീടു വിലയില്‍ താല്‍ക്കാലികമായി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂപ്പറാന്വേഷന്‍ വകുപ്പ് മന്ത്രി ജെയ്ന്‍ ഹ്യൂം സമ്മതിച്ചു.

വീടുവാങ്ങാന്‍ കാത്തിരിക്കുന്നവര്‍ നേരത്തേ തന്നെ വിപണിയിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് താല്‍ക്കാലികമായി വില കൂട്ടും എന്നും ജെയ്ന്‍ ഹ്യൂം പറഞ്ഞു.

എന്നാല്‍, ഈ വില വര്‍ദ്ധനവിന്റെ ഭാരം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ മറ്റു നിരവധി പദ്ധതികള്‍ സഹായിക്കും എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വിശദീകരിച്ചത്. മുതിര്‍ന്ന പൗരന്‍മാരെ ചെറിയ വീടുകളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

വലിയ വീടുകള്‍ വിപണിയിലേക്ക് തിരിച്ചെത്താന്‍ ഈ പദ്ധതി സഹായിക്കുമെന്നും, അങ്ങനെ വീടുകളുടെ ലഭ്യത കൂടൂന്നത് വിലക്കയറ്റം ഒഴിവാക്കാന്‍ സഹായിക്കും എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.എന്നാല്‍, എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് ലിബറല്‍ സഖ്യത്തിന്റേത് എന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള സുരക്ഷ ഇല്ലാതാക്കുന്ന നടപടിയാകും സൂപ്പര്‍ നിക്ഷേപം പിന്‍വലിക്കലെന്നും ലേബര്‍ വക്താവ് ടാനിയ പ്ലിബര്‍സെക് പറഞ്ഞു.പദ്ധതി നടപ്പാക്കിയാല്‍ വീടു വില കൂടുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വീടു വാങ്ങാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് ലേബര്‍ പാര്‍ട്ടിയും നേരത്തേ പദ്ധതി പ്രഖ്യാപിച്ചിരുന്നു.







Other News in this category



4malayalees Recommends