ബ്രസീലിയന്‍ ജിജിട്‌സു ഗുസ്തി മത്സരത്തില്‍ മലയാളിയായ ഷിനു ഫിലിപ് വിജയി

ബ്രസീലിയന്‍ ജിജിട്‌സു ഗുസ്തി മത്സരത്തില്‍ മലയാളിയായ ഷിനു ഫിലിപ് വിജയി

ന്യു യോര്‍ക്ക്: ബ്രസീലിയന്‍ ജിജിട്‌സു ഗുസ്തി മത്സരത്തില്‍ മലയാളിയായ ഷിനു ഫിലിപ് വിജയിയായി. രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.എതിരാളിയെ ശ്വാസം മുട്ടിച്ച് പരാജയപ്പെടുത്തുന്ന രീതിയാണിത്. പിടി വിടുവിക്കാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളി തന്നെ വിടാന്‍ ആംഗ്യം കാണിക്കും. അതോടെ ആര്‍ക്കും സംശയമില്ലാതെ വിജയി ആരെന്നു വ്യക്തമാകും.


അഞ്ചു മിനിട്ടാണ് ഗുസ്തി സമയം. ഏറ്റവും പെട്ടെന്ന് തന്നെ എതിരാളിയെ പരാജയപ്പെടുത്തുന്നതിലാണ് കാര്യം. കൈകാല്‍ കൊണ്ട് എതിരാളിയെ ചുറ്റി വളഞ്ഞ് പിടിയിലാക്കി കൈക്കുള്ളിലാക്കുന്നതാണ് ഒരു രീതി.


ശ്വാസം മുട്ടിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേടി തോന്നാമെങ്കിലും അതിന്റെയൊന്നും ആവശ്യമില്ല. പങ്കെടുക്കുന്നവരൊക്കെ പ്രൊഫഷണല്‍ കളിക്കാരാണ്. ചട്ടങ്ങളൊക്കെ നന്നായി നിശ്ചയമുള്ളവര്‍. എങ്കിലും എന്തെങ്കിലും അപകടം വന്നാല്‍ തങ്ങള്‍ ഉത്തരവാദി അല്ലെന്നു സംഘാടകരായ 'ഗുഡ് ഫൈറ്റ്' നേരത്തെ എഴുതി വാങ്ങും.


കൃഷി കൊണ്ട് ശ്രദ്ധേയനായ റോക്ക്‌ലാന്‍ഡിലുള്ള ഫിലിപ്പ് ചെറിയാന്റെ പുത്രനായ ഷിനു ഫിലിപ്പ് 2015 മുതലാണ് റെസ്‌ലിംഗില്‍ ആകൃഷ്ടനാകുന്നത്. അതിനു പ്രത്യേകിച്ച് കാരണമെന്നുമില്ല. ഒരു കായികവിനോദം എന്ന നിലയിലാണ് അതിനെ സമീപിച്ചത്. മുന്‍പ് പല സമ്മാനങ്ങളും നേടിയെങ്കിലും ഒന്നാം സ്ഥാനം നേടുന്നത് ഇതാദ്യമാണ്.


ന്യു ജേഴ്‌സിയില്‍ ബ്രാഞ്ചബര്‍ഗില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മത്സരം നടന്നത്. 145 കിലോ വെയിറ്റ് ക്‌ളാസിലായിരുന്നു മത്സരം. അതിനായ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പത്തു പൗണ്ട് ഭാരം കുറച്ചു. ഭാരം കുറച്ചില്ലെങ്കില്‍ അടുത്ത ക്ലാസില്‍ മത്സരിക്കേണ്ടി വരും.


പലതരം റെസ്‌ലിംഗുകളില്‍ ഒരു വിഭാഗം മാത്രമാണിത്. ധാരാളം യുവാക്കള്‍ ഈ കായികവിനോദത്തില്‍ ആകൃഷ്ടരാണെന്ന് ഷിനു പറയുന്നു. കായിക വിനോദം എന്നതിനപ്പുറം ഇതിനു പ്രാധാന്യമൊന്നും കാണുന്നില്ല.


വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ക്ലിനിക്കല്‍ ലാബ് സയന്റിസ്റ്റാണ് ഷിനു.


ഈ കായിക വിനോദം തുടരണമെന്നാണ് ഷിനുവിന്റെ ആഗ്രഹം. മാതാപിതാക്കള്‍ക്ക് അതിനോട് അത്ര താല്പര്യമില്ലെങ്കിലും.


അമ്മ ആനി ഫിലിപ്പും വെസ്‌റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ ലാബ് ടെക്‌നൊളജിസ്റ്റാണ്. സഹോദരന്‍ ഷെറിന്‍ ഫിലിപ്പ് സിപിഎ. സഹോദരഭാര്യ ടിന്റു ഫാര്മസിസ്‌റ്.Other News in this category4malayalees Recommends