യാത്രാ നിയന്ത്രണങ്ങളുമായി ഖത്തര്‍

യാത്രാ നിയന്ത്രണങ്ങളുമായി ഖത്തര്‍
ഫുട്‌ബോള്‍ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാന്‍ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തര്‍. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെയാണ് ക്രമീകരണം.

ലോകകപ്പ് കാലയളില്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റാണ് ഹയാ കാര്‍ഡ്. ഹയാ കാര്‍ഡുള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ എപ്പോള്‍ വേണമെങ്കിലും ഖത്തറില്‍ പ്രവേശിക്കുന്നതില്‍ തടസമില്ല. ഇവര്‍ക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാന്‍ കഴിയും. അതേസമയം ഹയാ കാര്‍ഡ് ഇല്ലാത്ത സാധാരണ സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തര്‍ പൗരന്‍മാരെയും ഖത്തര്‍ തിരിച്ചറിയല്‍ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരന്‍മാരെയും താമസക്കാരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വീസയുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കും ലോകകപ്പ് കാലയളവിലും എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നല്‍കേണ്ട കേസുകള്‍ക്കും ഇളവുണ്ട്. എന്നാല്‍ ഇവരുടെ യാത്ര വിമാനമാര്‍ഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മല്‍സരം വിജയകരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും.

Other News in this category



4malayalees Recommends