ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിലെ ഇടിവ്; ഉടനൊന്നും പഴയ വേഗത തിരിച്ചുപിടിക്കില്ലെന്ന് കാനഡ; പ്രൊസസ് ചെയ്യാന്‍ ഉദ്യോഗസ്ഥരില്ല

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിലെ ഇടിവ്; ഉടനൊന്നും പഴയ വേഗത തിരിച്ചുപിടിക്കില്ലെന്ന് കാനഡ; പ്രൊസസ് ചെയ്യാന്‍ ഉദ്യോഗസ്ഥരില്ല
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പെര്‍മിറ്റുകള്‍ പ്രൊസസ് ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയതാണ് ഇതിന് കാരണമായത്. കൂടാതെ കാനഡയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിന്റെ പേരിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായതോടെ അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞിരുന്നു.

ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം ഉടനൊന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ അഭിമുഖങ്ങളില്‍ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന് പങ്കുള്ളതായും, ഇതിന് തെളിവ് ലഭിച്ചെന്നും പറഞ്ഞാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അപേക്ഷകള്‍ പ്രൊസസ് ചെയ്യാനുള്ള ശേഷി നേര്‍പകുതിയായി കുറഞ്ഞുവെന്ന് മില്ലര്‍ പറഞ്ഞു. ആരോപണങ്ങളുടെ പേരില്‍ ഇന്ത്യ നിലപാട് കര്‍ശനമാക്കിയതോടെ തങ്ങളുടെ 41 ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡ നിര്‍ബന്ധിതമായി. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് മാറുകയും ചെയ്‌തെന്ന് മന്ത്രിയുടെ വക്താവ് വിശദമാക്കി.

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 86% കുറവാണ് നേരിട്ടത്. മുന്‍ പാദത്തില്‍ 108,940 വിസകള്‍ നല്‍കിയ ഇടത്ത് ഇത് 14,910 വിസകളായി ചുരുങ്ങി.

Other News in this category



4malayalees Recommends