ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: റൊണാള്‍ഡ് പൂക്കുമ്പേല്‍ ചെയര്‍മാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: റൊണാള്‍ഡ് പൂക്കുമ്പേല്‍ ചെയര്‍മാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു
ചിക്കാഗോ : 2019 സെപ്റ്റംബര്‍ രണ്ടാം (Labour day) തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 West Lyons. St. Morton Grove, IL, USA) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിനും വേണ്ടി ശ്രീ. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. അതാത് കമ്മിറ്റി ചെയര്‍മാന്‍മാരെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.


നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ ആറു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരം ഇന്ന് ചിക്കാഗോ മലയാളി സമൂഹത്തിന് ഒരിയ്ക്കലും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു മഹാസംഭവം ആയി മാറിക്കഴിഞ്ഞു എന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര പറഞ്ഞു.


ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് വേണ്ടി പേരന്റ് പെട്രോളിയം അണിയിച്ചൊരുക്കുന്ന ഈ മഹാവടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍ പറഞ്ഞു.


വടംവലി മേളയ്ക്കപ്പുറം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. നാട്ടില്‍ സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കായികതാരങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും, ക്യാന്‍സര്‍ രോഗികള്‍ക്കും സാമ്പത്തിക സഹായത്തിനുമപ്പുറം സ്‌നേഹമന്ദിരം പോലുള്ള അനാധമന്ദിരങ്ങള്‍ക്കും ധനസഹായം നല്‍കുവാനും സോഷ്യല്‍ ക്ലബ്ബ് മുന്‍കൈ എടുക്കുന്നു.


ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്ത് ആര്‍പ്പുവിളികള്‍ ഉണര്‍ത്താന്‍ ഈ വടംവലി മാമാങ്കം അവസരം ഒരുക്കുകയാണ്. അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഈ കായികമേള ആസ്വദിക്കുവാന്‍ ഏവരെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് വേണ്ടി പീറ്റര്‍ കുളങ്ങര (പ്രസിഡന്റ്), ജിബി കൊല്ലപ്പിള്ളി (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി), സണ്ണി ഇടിയാലി (ട്രഷറര്‍), സജി തേക്കുംകാട്ടില്‍ (ജോ. സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.), റൊണാള്‍ഡ് പൂക്കുമ്പേല്‍ (ടൂര്‍ണമന്റ് ചെയര്‍മാന്‍) എന്നിവര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.Other News in this category4malayalees Recommends