പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഷിക്കാഗോയില്‍ അത്യുജ്വല സ്വീകരണം

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഷിക്കാഗോയില്‍ അത്യുജ്വല സ്വീകരണം
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികവും മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുമായി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്നു.


ഷിക്കാഗോയിലെ നാല് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടേയും ആഭിമുഖ്യത്തില്‍ പരിശുദ്ധ ബാവയെ ഷിക്കാഗോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ തിരുമേനിമാരും വൈദീകരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.


ഷിക്കാഗോ നഗരത്തിന്റെ ബഹുമാനാര്‍ത്ഥം കാതോലിക്കേറ്റ് ഡേ ആയി മേയര്‍ പ്രഖ്യാപിക്കുകയും പോലീസ് സേനയുടെ അകമ്പടിയോടുകൂടി ഷിക്കാഗോ സെന്റ് തോമസ് ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ കവാടത്തിലെത്തിയ പരിശുദ്ധ ബാവയേയും തിരുമേനിമാരേയും വാദ്യമേളങ്ങളോടും കത്തിച്ച മെഴുകുതിരികളും താലപ്പൊലിയോടും കൂടി സ്വീകരിച്ചാനയിച്ചു. ലുത്തിനിയാ പ്രാര്‍ത്ഥനകള്‍ക്കുശേഷം പള്ളിയുടെ മുന്‍വശത്ത് നിര്‍മിച്ചിരിക്കുന്ന കൊടിമരത്തിന്റെ കൂദാശ നിര്‍വഹിച്ച് പതാക ഉയര്‍ത്തി.


സന്ധ്യാനമസ്‌കാരത്തിനുശേഷം ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി അധ്യക്ഷത വഹിച്ചു. അഭി. ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, അഭി.ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ തിരുമേനിമാര്‍ പ്രസംഗിച്ചു. വന്ദ്യ ഡോ. കുര്യന്‍ തോട്ടപ്പുറം കോര്‍എപ്പിസ്‌കോപ്പ പരിശുദ്ധ ബാവയെ ഹാരം അണിയിക്കുകയും, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ പൊന്നാട അണിയിക്കുകയും ചെയ്തു.


പരിശുദ്ധ ബാവ തന്റെ മറുപടി പ്രസംഗത്തില്‍ തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് കൃതജ്ഞത അര്‍പ്പിച്ചു. മനുഷ്യന്റെ പ്രധാന ചുമതല ദൈവത്തെ സ്‌നേഹിക്കുക എന്നതാണെന്നും കാണപ്പെടാത്ത ദൈവത്തെ പരിപൂര്‍ണ്ണമായി സ്‌നേഹിക്കുമ്പോഴാണ് കാണപ്പെടുന്ന മനുഷ്യനേയും തന്റെ സഹജീവിയായി കരുതി സ്‌നേഹിക്കുകയും ഒത്തൊരുമയോടെ ജീവിക്കണമെന്നും ഉത്‌ബോധിപ്പിച്ചു.


മാര്‍ത്തോമാശ്ശീഹാ ഭാരതത്തില്‍ വന്നു സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുള്ളത് ചരിത്ര സത്യമാണെന്നും, ഭാരത്തിലെ എല്ലാ വിശ്വാസികളും മാര്‍ത്തോമാശ്ശീഹാ പഠിപ്പിച്ചതായ വിശ്വാസത്തില്‍ അടിപതറാതെ നിലകൊള്ളണമെന്നും പരിശുദ്ധ ബാവ ഓര്‍മ്മിപ്പിച്ചു.


ഷിക്കാഗോയിലെ നാല് ഇടവകകളും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ ഇടവക വികാരി ഫാ. ഹാം ജോസഫ് സ്വാഗതവും കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഫാ. ദാനിയേല്‍ ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.


യോഗത്തില്‍ ഷിക്കാഗോയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും ഭദ്രാസനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും എക്യൂമെനിക്കല്‍ സംഘടനയിലെ ഇതര സഭകളിലെ വൈദീകരും ഭാരവാഹികളും, വിശ്വാസികളും സംബന്ധിക്കുകയുണ്ടായി.


പരിശുദ്ധ പിതാവ് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ഓക്ബ്രൂക്ക് ഡ്യൂറി ലെയിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തുന്ന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിലും, ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളിലും പങ്കെടുത്തതിനുശേഷം ജൂലൈ 22നു തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നതാണ്.

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends