സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും തീവ്രവാദവും ടെലഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തില്‍ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ട്.
രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനമെന്നും സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍,വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബര്‍ ഡോം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.