അശ്ലീല സൈറ്റുകള്‍ കാണുന്നവരെ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സൈബര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന PsiXBot എന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇത് സാധ്യമാകുന്നത്.
സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ ആണ് ഈ സോഫ്റ്റ് വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലെത്തുക. എന്നാല്‍ അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാകും ഇവ സജീവമാകുക. ഇരകളെ കണ്ടെത്തി വീഡിയോ റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ ഭീഷണി സന്ദേശവുമായി ഹാക്കര്‍മാര്‍ രംഗത്തെത്തും. പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോ വീട്ടുകാര്‍ക്ക് അയച്ച് നല്‍കുമെന്ന് ഭീഷണി മുഴക്കും. ഇതില്‍ വീഴരുതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഇത്തരം ഭീഷണി ഉണ്ടായാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു.
ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്കും ഈ പ്രശ്‌നമുണ്ടാകാം. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്റ്റ് വെയറുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും വേണം. പാസ് വേഡുകള്‍ ഇടയ്ക്കിടെ മാറ്റുന്നതും പെട്ടെന്ന് തിരിച്ചറിയാനാകാത്ത പാസ് വേഡുകള്‍ ഉപയോഗിക്കുന്നതും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.