അഭയാര്‍ത്ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യത്തിന്റെ ആക്രമണം; നിരവധി കുട്ടികളെ കാണ്മാനില്ല

അഭയാര്‍ത്ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യത്തിന്റെ ആക്രമണം; നിരവധി കുട്ടികളെ കാണ്മാനില്ല
വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് മെക്‌സിക്കോഗ്വാട്ടിമാല അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് മധ്യ അമേരിക്കന്‍ അഭയാര്‍ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അഭയാര്‍ഥികള്‍ ഒരു നദിക്ക് കുറുകെ മെക്‌സിക്കോയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ചിതറിയോടിയ അമ്മമാരുടെ കൈകളില്‍ നിന്നാണ് കുട്ടികള്‍ വേര്‍പെട്ടു പോയത്.

മെക്‌സിക്കന്‍ പോലീസ് തടങ്കലില്‍ വയ്ക്കാതിരിക്കാന്‍ അഭയാര്‍ഥികള്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നതിനിടയില്‍ നിരവധി കുട്ടികളെ കാണാതായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മെക്‌സിക്കോയിലെ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ എന്‍ എം) കണക്കനുസരിച്ച്, കലാപവും പട്ടിണിയും മൂലം ഹോണ്ടുറാസില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വന്ന ഹോണ്ടുറാന്‍ അഭയാര്‍ഥികള്‍.

കുടിയേറ്റ കേന്ദ്രങ്ങളില്‍ 1,300 ഹോണ്ടുറാനുകളുണ്ടെന്നും ഇവരെ ചൊവ്വാഴ്ച നാട്ടിലേക്ക് നാടുകടത്താന്‍ തുടങ്ങുമെന്നും മെക്‌സിക്കോയിലെ ഹോണ്ടുറാന്‍ അംബാസഡര്‍ പറഞ്ഞു.

അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ മെക്‌സിക്കോയ്‌ക്കെതിരെയും മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.


Other News in this category4malayalees Recommends