' വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും ട്രംപ് പ്രാധാന്യം നല്‍കുന്നത്'; ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍

' വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും ട്രംപ് പ്രാധാന്യം നല്‍കുന്നത്'; ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍

'അമേരിക്കാ ഫസ്റ്റ് എന്നല്ല, ട്രംപ് ഫസ്റ്റ് എന്നതാണ് പ്രസിഡന്റിനെ സംബന്ധിച്ച് പ്രധാനമെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നതെന്ന് ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍മാര്‍. ജനപ്രതിനിധിസഭയില്‍ നിന്നുള്ള ഡെമോക്രാറ്റുകളാണ് ആദ്യം പ്രസിഡന്റിനെതിരായ കേസുകള്‍ നിരത്തുന്നത്. കഴിഞ്ഞ മാസം സഭ പാസാക്കിയ രണ്ട് ഇംപീച്ച്മെന്റ് പ്രമേയങ്ങളുടേയും അടിസ്ഥാനത്തില്‍ ട്രംപിനെ ശിക്ഷിക്കണമെന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്ലര്‍ വാദിച്ചു. സെനറ്റ് അംഗീകരിച്ച നിയമങ്ങള്‍ പ്രകാരം ഹൗസ് മാനേജര്‍മാര്‍ക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂര്‍ സമയമുണ്ട്. ഇതിനു ശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷക സംഘം മറുവാദം നടത്തുക.


ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ 22ാം തിയതിയാണ് സെനറ്റില്‍ തുടങ്ങിയത്. വിചാരണ നടപടികളെച്ചൊല്ലിയുള്ള ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ തര്‍ക്കമാണ് ആദ്യദിനത്തെ പ്രക്ഷുബ്ധമാക്കിയത്. ട്രംപിനെതിരായ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് വോട്ടിനിട്ട് തള്ളി. ആറുദിനങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് സെനറ്റിലെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് വിചാരണാ നടപടി. വിചാരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് സെനറ്റിലെ മുതിര്‍ന്ന അംഗവും ഡെമോക്രാറ്റിക് നേതാവുമായ ചെക് ഷുമര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ വാദങ്ങള്‍ കേള്‍ക്കാന്‍ ഇരുവിഭാഗത്തിനും ഓരോ ദിവസങ്ങള്‍ കൂടി അനുവദിച്ചു.

നൂറംഗ സെനറ്റില്‍ 67പേരുടെ പിന്തുണയാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാന്‍ വേണ്ടത്. കുറ്റക്കാരനാണെന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിച്ചാല്‍ ട്രംപിന് പുറത്തുപോകേണ്ടി വരും. എന്നാല്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്ക് പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ട്രംപിനനുകൂലമായ വിധിക്കാണ് കൂടുതല്‍ സാധ്യത.

Other News in this category



4malayalees Recommends