കാനഡയില്‍ 1331 കൊറോണ കേസുകളും 19 മരണവും; 424 കേസുകളും പത്ത് മരണവുമായി ബ്രിട്ടീഷ് കൊളംബിയ മുന്നിലെത്തിയതോടെ നൈറ്റ് ക്ലബുകള്‍ അടച്ചു; വിവിധ പ്രൊവിന്‍സുകളില്‍ കോവിഡ്-19ന് എതിരായ നടപടികള്‍ കര്‍ക്കശം

കാനഡയില്‍ 1331 കൊറോണ കേസുകളും 19 മരണവും; 424  കേസുകളും പത്ത് മരണവുമായി ബ്രിട്ടീഷ് കൊളംബിയ മുന്നിലെത്തിയതോടെ നൈറ്റ് ക്ലബുകള്‍ അടച്ചു; വിവിധ പ്രൊവിന്‍സുകളില്‍ കോവിഡ്-19ന് എതിരായ നടപടികള്‍ കര്‍ക്കശം
ഇന്നലെ വൈകുന്നേരം പുറത്ത് വന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയില്‍ 1331 കൊറോണ കേസുകളാണ് സ്ഥിരീരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ 19 പേര്‍ മരിക്കുകയും 16 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.പെരുകി വരുന്ന രോഗത്തെ നേരിടുന്നതിനായി യുഎസുകാരൊഴിച്ചുള്ള വിദേശികള്‍ കാനഡയിലേക്ക് വരുന്നത് കര്‍ക്കശമായി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് നിന്നുമെത്തുന്ന കാനഡക്കാര്‍ നിര്‍ബന്ധമായും 14 ദിവസം ക്വോറന്റീനില്‍ കഴിയണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് പത്ത് പേര്‍ മരിച്ച ബ്രിട്ടീഷ് കൊളംബിയയിലാണ്. 424 കേസുകളുമായി ഈ പ്രവിശ്യ തന്നെയാണ് കേസുകളുടെ കാര്യത്തിലും മുന്നിലുള്ളത്. ഒന്റാറിയോില്‍ 377 കേസുകളും മൂന്ന് മരണങ്ങളും ആല്‍ബര്‍ട്ടയില്‍ 226 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ക്യൂബെക്കില്‍ 181കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അതിനിടെ കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും കൊറോണ ബാധയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യം പരിഗണിച്ച് പ്രൊവിന്‍സിലെ ആയിരക്കണക്കിന് അക്യൂട്ട് കെയര്‍ ഹോസ്പിറ്റല്‍ ബെഡുകള്‍ കാലിയാക്കിയിട്ടിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് കൊളംബിയ വെളിപ്പെടുത്തുന്നത്. അത്യാവശ്യമല്ലാത്ത ഇലക്ടീവ് സര്‍ജറികള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടതിലൂടെയാണ് പ്രവിശ്യക്ക് ഇത് സാധിച്ചിരിക്കുന്നത്.

ഇതിന് പുറമെ പ്രവിശ്യയിലെ എല്ലാ റസ്റ്റോറന്റുകളോടും ബാറുകളോടും ഡൈന്‍ ഇന്‍ സര്‍വീസുകള്‍ റദ്ദാക്കാനും നൈറ്റ്ക്ലബുകള്‍, പ്ലേഗ്രൗണ്ടുകള്‍, ലൈബ്രറികള്‍ തുടങ്ങിയവ അടക്കാനും 50ല്‍ അധികം പേര്‍ ചേരുന്ന കൂട്ടായ്മകള്‍ നിരോധിക്കാനും ബ്രിട്ടീഷ് കൊളംബിയ ഗവണ്‍മെന്റ് ഉത്തരവിട്ടിട്ടുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തില്‍ അത്യാവശ്യമായ മെഡിക്കല്‍ എക്യുപ്‌മെന്റുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒന്റാറിയോ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ആക്ട് നടപ്പിലാക്കാന്‍ ഹെല്‍ത്ത് മിനിസ്ട്രിയെ സഹായിക്കാനായി ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് ഒരു സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.കൊറോണ പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇത് പ്രകാരം പോലീസ് നടപടി ശക്തമാക്കും. സാസ്‌കറ്റിയൂവാനിലേക്ക് അടുത്തിടെ വിദേശത്ത് നിന്നുമെത്തിയവര്‍ നിര്‍ബന്ധമായും സെല്‍ഫ് ഐസൊലേഷനില്‍ കഴിയണമെന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതില്‍ ചില അത്യാവശ്യ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൊറോണ ബാധിതരെ തിരിച്ചറിയാനായി വിന്നിപെഗ് അവിടുത്തെ ആദ്യത്തെ ഡ്രൈവ് ത്രു കമ്മ്യൂണിറ്റി സ്‌ക്രീനിംഗ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends