യുഎസില്‍ കൊറോണ മരണം 1711 ആയി; കോവിഡ്-19 ബാധിതരുടെ എണ്ണം 1,04,837 ലെത്തി; ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം; റിട്ടയര്‍ ചെയ്ത സൈനികരെ ഇറക്കി മഹാമാരിയെ നേരിടാന്‍ ട്രംപ്; ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാല്‍ കൂട്ടമരണമെന്ന് ട്രംപിന് താക്കീത്

യുഎസില്‍ കൊറോണ മരണം 1711 ആയി; കോവിഡ്-19 ബാധിതരുടെ എണ്ണം 1,04,837 ലെത്തി; ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം; റിട്ടയര്‍ ചെയ്ത സൈനികരെ ഇറക്കി മഹാമാരിയെ നേരിടാന്‍ ട്രംപ്; ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാല്‍ കൂട്ടമരണമെന്ന് ട്രംപിന് താക്കീത്
യുഎസില്‍ കൊറോണ ബാധിച്ചുള്ള മരണം 1711 ആയി കുതിച്ചുയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,04,837 ആയും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുല്‍ കൊറോണ ബാധിതരുള്ള രാജ്യമായി യുഎസ് തുടരുകയാണ്. എന്നാല്‍ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 894 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യമായി ഒരു ലക്ഷത്തിലധികം കൊറോണ വൈറസ് ബാധിതരുള്ള രാജ്യമെന്ന ദുഷ്‌കരമായ അവസ്ഥയും യുഎസിനെ തേടിയെത്തിയിട്ടുണ്ട്.

രാജ്യത്ത് വര്‍ധിച്ച തോതില്‍ ടെസ്റ്റിംഗ് നടത്തുന്നതിനാലാണ് ഇത്രയും രോഗികളെ തിരിച്ചറിയാന്‍ സാധിച്ചതെന്നാണ് വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചിരിക്കുന്നത് 44,000 കേസുകളുള്ള ന്യൂയോര്‍ക്കിലാണ്. ഇവിടെ 500ല്‍ അധികം പേര്‍ക്കാണ് കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്.രാജ്യത്ത് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പറ്റി പോയ സൈനികരെ തിരിച്ച് വിളിച്ച് ഇതിനെ ചെറുക്കാന്‍ പ്രയോജനപ്പെടുത്തണമെന്ന് ട്രംപ് പെന്റഗണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ രോഗത്തെ ചെറുക്കുന്നതിനുള്ള ത്വരിത ഗതിയിലുളള വിവിധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ സൈന്യം സജീവമാണ്. ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി രോഗത്തെ പിടിച്ച് കെട്ടുന്നതിനാണ് റിട്ടയര്‍ ചെയ്ത സൈനികരോട് മടങ്ങി വരാന്‍ ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുടെ കൊറോണ മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നേരത്തെ തുറന്ന് പഴയ പടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ഇവിടെയുണ്ടാകുന്ന നിയന്ത്രണാതീതമായ മരണത്തിന് ട്രംപ് മാത്രമായിരിക്കും ഉത്തരവാദിയെന്ന കടുത്ത മുന്നറിയിപ്പുമായി ചില സെനറ്റര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈസ്റ്ററോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങി വരുമെന്നും ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവനുവദിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends