ന്യൂയോര്‍ക്കില്‍ മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് വന്‍ വെല്ലുവിളി; മോര്‍ച്ചറികള്‍ നിറഞ്ഞ് കവിഞ്ഞതിനാല്‍ ബദല്‍മാര്‍ഗങ്ങള്‍ തേടി പരക്കം പാച്ചില്‍; റഫ്രിജറേഷന്‍ അപര്യാപ്തതയാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല

ന്യൂയോര്‍ക്കില്‍ മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് വന്‍ വെല്ലുവിളി; മോര്‍ച്ചറികള്‍ നിറഞ്ഞ് കവിഞ്ഞതിനാല്‍  ബദല്‍മാര്‍ഗങ്ങള്‍ തേടി പരക്കം പാച്ചില്‍; റഫ്രിജറേഷന്‍ അപര്യാപ്തതയാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല
യുഎസില്‍ കൊറോണ മരണങ്ങളുടെ എപിസെന്ററായ ന്യൂയോര്‍ക്ക് മിനുറ്റ് തോറും മരിച്ച് വീഴുന്നവരുടെ ശവശരീരങ്ങള്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യുമെന്നറിയാതെ പാടുപെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മോര്‍ച്ചറികള്‍ നേരത്തെ തന്നെ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് പകരം സംവിധാനങ്ങളേര്‍പ്പെടുത്താന്‍ പാടുപെടുകയാണ് ന്യൂയോര്‍ക്ക്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം നഗരത്തിലെ കൊവിഡ്-19മരണം 3485ലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

ഇവിടുത്തെ ഹോസ്പിറ്റലുകളില്‍ നിന്നും കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രൊട്ടക്ടീവ് സ്യൂട്ടുകള്‍ ധരിച്ച ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ പുറത്തേക്ക് ചുമന്ന് കൊണ്ടു പോകുന്ന കാഴ്ച ഇപ്പോള്‍ സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു.ഇത്തരം നിരവധി ശവശരീരങ്ങള്‍ നിലവില്‍ ട്രക്കുകളിലേക്ക് കയറ്റുകയും തുടര്‍ന്ന് അവ വേഗം ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ ശവശരീരങ്ങള്‍ ആശുപത്രിയില്‍ നിന്ന് നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ പ്രതിദിന കൊറോണ മരണങ്ങള്‍ ചുരുങ്ങിയത് 500 ല്‍ അധികം നടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ വളരെ പാടുപെടുന്നുവെന്നാണ് ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ എഎഫ്പിയോട് പരിതപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചക്കും ശനിയാഴ്ചക്കുമിടയില്‍ ന്യൂയോര്‍ക്കില്‍ 630 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. സ്‌റ്റേറ്റിലെ ഭൂരിഭാഗം ഫ്യൂണറല്‍ ഹോമുകളിലും റെഫ്രിജറേഷന്‍ സൗകര്യം ഇല്ലെന്നും അല്ലെങ്കില്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളുവെന്നും അതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ വരുമ്പോള്‍ തങ്ങള്‍ വന്‍ പ്രതിസന്ധിയിലാണകപ്പെടുന്നതെന്നും ക്യൂന്‍സിലെ ക്രൊവ്‌സ് ഫ്യൂണറല്‍ ഹോംസിന്റെ ഉടമയായ കെന്‍ ബ്ര്യൂസ്റ്റര്‍ വെളിപ്പെടുത്തുന്നു.


Other News in this category4malayalees Recommends