പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്ത്

പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്ത്
കോവിഡ് രണ്ടാം തരംഗത്തില്‍ ജീവവായു കിട്ടാതെ പിടയുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് കൈത്താങ്ങായി കുവൈറ്റ്. കുവൈറ്റ് തീരത്തുനിന്നും കാരുണ്യം നിറച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. അവയ്ക്ക് ഉള്ളില്‍ പക്ഷെ, യുദ്ധോപകരണങ്ങള്‍ അല്ല, ജീവന്‍ രക്ഷിക്കുന്ന ചികിത്സാ ഉപകരണങ്ങളാണ്. പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്നവരെ ലക്ഷ്യമിട്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെയുണ്ട് അവയില്‍.

ഇന്ത്യയില്‍ നിന്നെത്തിയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിലാണ് കുവൈറ്റ് ചികിത്സാ ഉപകരണങ്ങള്‍ കയറ്റി അയച്ചിരിക്കുന്നത്. ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളും ഉണ്ട്. 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 800 ഓക്‌സിജന്‍ സിലിണ്ടറുകളും 2 ഓക്‌സിജന്‍ കണ്‍സന്‍ട്രേറ്ററുകളുമാണ് ഐഎന്‍എസ് കൊച്ചിയിലുള്ളത്.

റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുവൈറ്റ് സഹായം എത്തിക്കുന്നത്. ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി കണ്ടറിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് ആദ്യഘട്ടത്തില്‍ തന്നെ കുവൈറ്റ് രംഗത്തെത്തിയിരുന്നു. മുമ്പ് ഏതാനും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വസ്തുക്കള്‍ കയറ്റി അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അല്‍ സല്‍മാന്‍, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് എന്നിവര്‍ ഷുഐബ തുറമുഖത്ത് എത്തിയിരുന്നു.

Other News in this category



4malayalees Recommends