യുകെ പ്രവേശിക്കുന്നത് മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക്; രാജ്യത്ത് കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 20.4% കുറവ്; 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 60,578 കേസുകള്‍; 259 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി; ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം 37 മില്ല്യണ്‍

യുകെ പ്രവേശിക്കുന്നത് മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക്; രാജ്യത്ത് കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 20.4% കുറവ്; 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 60,578 കേസുകള്‍; 259 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി; ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം 37 മില്ല്യണ്‍

ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേസുകളും, മരണങ്ങളും തുടര്‍ച്ചയായ മൂന്ന് ദിവസമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 60,578 പോസിറ്റീവ് ടെസ്റ്റുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയില്‍ നിന്നും 20.4 ശതമാനമാണ് ഇതില്‍ കുറവ് വന്നിരിക്കുന്നത്.


സ്ഥിരീകരിച്ച ഇന്‍ഫെക്ഷനുകളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസമാണ് താഴ്ച രേഖപ്പെടുത്തിയത്. 259 പേര്‍ക്ക് കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 12.5 ശതമാനമാണ് കുറവ്. 35,469 പേര്‍ കൂടി ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ചതോടെ യുകെയില്‍ മൂന്നാം ഡോസ് സ്വീകരിച്ച് സുരക്ഷിതരായവരുടെ എണ്ണം 37.5 മില്ല്യണ്‍ കടന്നു.

വൈറസ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ സ്മരണയ്ക്കായി മൂന്ന് വുഡ്‌ലാന്‍ഡുകള്‍ സ്ഥാപിക്കുമെന്ന് വെയില്‍സ് പ്രഖ്യാപിച്ചു. ആദ്യത്തെ രണ്ട് വുഡ്‌ലാന്‍ഡുകള്‍ റെക്‌സ്ഹാമിലെ നാഷണല്‍ ട്രസ്റ്റ് സൈമ്രൂസ് എര്‍ഡിഗ് എസ്റ്റേറ്റിലും, ബ്രൗണ്‍ഹില്ലിലെ ടൈവി വാലിയിലുമാണ് നട്ടുവളര്‍ത്തുക. മൂന്നാമത്തേത് സൗത്ത് ഈസ്റ്റ് വെയില്‍സിലും വളത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വുഡ്‌ലാന്‍ഡുകള്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കുള്ള സ്ഥിരമായ സ്മാരകമായി മാറുമെന്ന് വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി വെയില്‍സിലെ ജനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കരുത്തിന്റെ ചിഹ്നമായും ഇത് മാറും, ഡ്രേക്ക്‌ഫോര്‍ഡ് പറഞ്ഞു. ഭാവിയില്‍ ഈ ഇടങ്ങള്‍ നാഷണല്‍ ഫോറസ്റ്റ് ഫോര്‍ വെയില്‍സിന്റെ ഭാഗമായി മാറും.

യുകെയില്‍ 180,000 പേരുടെ മരണസര്‍ട്ടിഫിക്കറ്റിലാണ് കോവിഡ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ഒരുപക്ഷെ മഹാമാരിയുടെ അവസാന ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജ്യണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് പറഞ്ഞു.
Other News in this category



4malayalees Recommends