ബോറിസിനെ വീഴ്ത്താന്‍ ഭാര്യയെ ലക്ഷ്യംവെച്ച് ശത്രുക്കള്‍! കാരി ജോണ്‍സിന് വരുംദിവസങ്ങളില്‍ നേരിടേണ്ടി വരുന്നത് അത്ര സുഖകരമല്ലാത്ത അക്രമങ്ങള്‍; കസേരയില്‍ കടിച്ചുതൂങ്ങി പ്രധാനമന്ത്രിയും; ബ്രിട്ടീഷ് രാഷ്ട്രീയരംഗം ഇനി ക്ലൈമാക്‌സിലേക്ക്!

ബോറിസിനെ വീഴ്ത്താന്‍ ഭാര്യയെ ലക്ഷ്യംവെച്ച് ശത്രുക്കള്‍! കാരി ജോണ്‍സിന് വരുംദിവസങ്ങളില്‍ നേരിടേണ്ടി വരുന്നത് അത്ര സുഖകരമല്ലാത്ത അക്രമങ്ങള്‍; കസേരയില്‍ കടിച്ചുതൂങ്ങി പ്രധാനമന്ത്രിയും; ബ്രിട്ടീഷ് രാഷ്ട്രീയരംഗം ഇനി ക്ലൈമാക്‌സിലേക്ക്!

പ്രധാനമന്ത്രി പദത്തില്‍ നിന്നും ബോറിസ് ജോണ്‍സനെ തെറിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ കരുനീക്കം ത്വരിതപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോണ്‍സനെതിരെ അക്രമം അഴിച്ചുവിട്ട് പുതിയ തന്ത്രം പയറ്റാനാണ് എതിരാളികള്‍ ഒരുങ്ങുന്നത്. വരുംദിവസങ്ങളില്‍ സുഖകരമല്ലാത്ത പല കാര്യങ്ങളും പ്രധാനമന്ത്രിയുടെ കുടുംബം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ടോറി എംപിമാരുടെ മുന്നറിയിപ്പ്.


പാര്‍ട്ടിഗേറ്റ് വിവാദം ആളിക്കത്തുമ്പോഴും കസേരയില്‍ പിടിച്ചുതൂങ്ങാന്‍ തന്നെയാണ് ബോറിസിന്റെ ശ്രമം. ഈ ഘട്ടത്തിലാണ് ഭാര്യയെ ലക്ഷ്യംവെച്ച് പ്രചരണവേല സംഘടിപ്പിക്കാന്‍ എതിരാളികള്‍ ഒരുങ്ങുന്നത്. ആഴ്ചാവസാനം എത്തുമ്പോഴേക്കും കസേരയില്‍ ബോറിസ് ഉണ്ടാകരുതെന്ന ഉറപ്പിലാണ് നീക്കങ്ങള്‍. പ്രധാനമന്ത്രിയുടെ ഭാര്യ വിമതരുടെ പുതിയ ലക്ഷ്യമായി മാറുന്നതില്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ രോഷത്തിലാണ്. ഇത് തരംതാണ പ്രവര്‍ത്തിയാണെന്നാണ് ഒരു എംപിയുടെ പ്രതികരണം.

വൈറ്റ്ഹാളില്‍ കാരി ജോണ്‍സണ്‍ നേടിയിരിക്കുന്ന സ്വാധീനം ഇതിനകം തന്നെ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ടോറി പിയര്‍ ലോര്‍ഡ് ആഷ്‌ക്രോഫ്റ്റിന്റെ ബയോഗ്രാഫി പുറത്തുവന്നതോടെയാണിത്. ഭാര്യ കാരിയുടെ കൈയിലെ കളിപ്പാവയാണ് ബോറിസ് എന്ന നിലയിലാണ് പുസ്തകം പ്രധാനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്നത്. ഭാര്യ നയങ്ങളിലും, അപ്പോയിന്റ്‌മെന്റുകളിലും നേരിട്ട് ഇടപെടുമ്പോള്‍ ഉപദേശകര്‍ പോലും രോഷത്തിലാവുകയാണെന്ന് പുസ്തകം ആരോപിക്കുന്നു.

ഇതിനിടെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോറിസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. പാര്‍ട്ടിഗേറ്റ് വിവാദങ്ങള്‍ ബ്രക്‌സിറ്റ് വിരുദ്ധരുടെ സൃഷ്ടിയാണെന്ന് ഇവര്‍ ആരോപിച്ചു. തന്റെ നിരവധി മുതിര്‍ന്ന ഉപദേശകര്‍ രാജിവെയ്ക്കുമ്പോഴും പ്രധാനമന്ത്രി വളരെ പോസിറ്റീവ് മൂഡിലാണെന്ന് ഡോറീസ് അവകാശപ്പെട്ടു.

എന്തായാലും വരുന്ന ദിവസങ്ങളില്‍ ബ്രിട്ടനിലെ രാഷ്ട്രീയരംഗം കൂടുതല്‍ കലുഷിതമാകുമെന്ന് ഉറപ്പ്. ഇതിനിടയില്‍ കസേരയില്‍ ബോറിസ് പിടിച്ചുനിന്നാല്‍ അത് അത്ഭുതമാകും.
Other News in this category



4malayalees Recommends