കാര്യം നോക്കാന്‍ കാരിയുണ്ട്! ബോറിസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് ഭാര്യ കാരി; പ്രധാനമന്ത്രിയുടെ പേരില്‍ സന്ദേശം അയയ്ക്കുന്നത് ഭാര്യയെന്ന് മനസ്സിലാക്കാന്‍ 'ടെക്‌നിക്ക്' പഠിച്ച് സഹായികള്‍?

കാര്യം നോക്കാന്‍ കാരിയുണ്ട്! ബോറിസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് ഭാര്യ കാരി; പ്രധാനമന്ത്രിയുടെ പേരില്‍ സന്ദേശം അയയ്ക്കുന്നത് ഭാര്യയെന്ന് മനസ്സിലാക്കാന്‍ 'ടെക്‌നിക്ക്' പഠിച്ച് സഹായികള്‍?

ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ഉത്തരവിറക്കുന്നു. അത് സാക്ഷാല്‍ പ്രധാനമന്ത്രി നേരിട്ട് നല്‍കിയ നിര്‍ദ്ദേശമാണെന്ന ധാരണയില്‍ സഹായികളും, ജീവനക്കാരും ഇത് പാലിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ ബോറിസ് ജോണ്‍സനും, ഭാര്യ കാരി ജോണ്‍സനും ഡൗണിംഗ് സ്ട്രീറ്റില്‍ ഇരിക്കുമ്പോള്‍ സ്ഥിതി ഇതല്ലെന്നാണ് ആരോപണം ഉയരുന്നത്.


ബോറിസ് ജോണ്‍സനെന്ന പേരില്‍ ഭാര്യ കാരി ജോണ്‍സണ്‍ സഹായികള്‍ക്ക് സന്ദേശം അയയ്ക്കുന്നത് പതിവാണെന്നാണ് വെളിപ്പെടുത്തല്‍. ഫോണില്‍ സംസാരിക്കുന്ന ബോറിസിന് അടുത്തിരുന്ന് കാരി ബ്രീഫിംഗ് നല്‍കുന്നതും പതിവായിരുന്നുവെന്നാണ് ടോറി നേതാവ് ലോര്‍ഡ് ആഷ്‌ക്രോഫ്റ്റിന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.

വൈറ്റ്ഹാളില്‍ കാരി അതിശയിപ്പിക്കുന്ന സ്വാധീനം വെച്ചുപുലര്‍ത്തുന്നുവെന്നാണ് പുസ്തകം പറയുന്നത്. പ്രധാനമന്ത്രിയുടെ ഭാര്യക്ക് ഇഷ്ടപ്പെടാതെ പോയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന മുന്നറിയിപ്പ്. 2019ല്‍ നേതൃപോരാട്ടം കൊടുമ്പിരി കൊള്ളുമ്പോള്‍ ബോറിസിന്റെ ഫോണ്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങളും, നിയന്ത്രണങ്ങളും നടത്തിയിരുന്നത് കാരിയാണെന്ന് പ്രചരണസംഘത്തില്‍ പെട്ടവര്‍ വെളിപ്പെടുത്തി.

കാരിയാണ് സന്ദേശം അയയ്ക്കുന്നതെന്ന് തിരിച്ചറിയാനുള്ള ടെക്‌നിക്ക് സഹായികള്‍ കണ്ടെത്തിയിരുന്നതായും പുസ്തകം പറയുന്നു. ഫോണ്‍ ചെയ്യുന്ന പ്രധാനമന്ത്രിയുടെ അരികിലിരുന്ന് എന്തെല്ലാം പറയണമെന്ന് 'ഓതിക്കൊടുക്കുന്ന' പരിപാടിയും കാരി നിര്‍വ്വഹിച്ചിരുന്നതായാണ് ആരോപണം.

എന്നാല്‍ പുസ്തകത്തിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കാരി ജോണ്‍സന്റെ വക്താവ് പ്രതികരിച്ചു. ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളില്‍ ബോറിസ് രോഷാകുലനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൗണിംഗ് സ്ട്രീറ്റില്‍ കാരിയ്ക്ക് സ്വാധീനമുണ്ടെന്ന വാര്‍ത്തകളെ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് തള്ളിക്കളഞ്ഞു.

Other News in this category



4malayalees Recommends