ഓസ്ട്രേലിയയിലേക്ക് അഭയാര്‍ത്ഥികളെ ചികിത്സക്ക് കൊണ്ടു വരുന്നതിന് അനുവദിച്ചിരുന്ന മെഡിവാക് നിയമം റദ്ദാക്കി; വിവാദ നിയമം പിന്‍വലിച്ചത് സ്വതന്ത്ര സെനറ്റര്‍ ജാക്കി ലാംബിയുടെ പിന്തുണയോടെ; വിജയം കണ്ടത് ഏറെ നാളത്തെ സര്‍ക്കാര്‍ ശ്രമം

ഓസ്ട്രേലിയയിലേക്ക് അഭയാര്‍ത്ഥികളെ ചികിത്സക്ക് കൊണ്ടു വരുന്നതിന് അനുവദിച്ചിരുന്ന മെഡിവാക് നിയമം റദ്ദാക്കി; വിവാദ നിയമം പിന്‍വലിച്ചത് സ്വതന്ത്ര സെനറ്റര്‍ ജാക്കി ലാംബിയുടെ പിന്തുണയോടെ; വിജയം കണ്ടത് ഏറെ നാളത്തെ സര്‍ക്കാര്‍ ശ്രമം
പുറം രാജ്യങ്ങളിലെ റെഫ്യൂജി സെന്ററുകളിലെ അഭയാര്‍ത്ഥികളെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് എത്തിക്കാന്‍ വഴിയൊരുക്കുന്ന മെഡിവാക് നിയമം റദ്ദാക്കാനുള്ള ഏറെ നാളത്തെ ശ്രമത്തില്‍ സര്‍ക്കാരിന് അന്തിമവിജയം. ടാസ്മാനിയയില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റര്‍ ജാക്കി ലാംബിയുടെ നിര്‍ണായകമായ പിന്തുണയോടെയാണ് സര്‍ക്കാര്‍ ഈ ശ്രമത്തില്‍ വിജയിച്ചിരിക്കുന്നത്. നിയമം ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള ബില്‍ സെനറ്റില്‍ പാസായെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് അഥവാ ബുധനാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 35നെതിരെ 37 വോട്ടുകള്‍ക്കാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കാന്‍ സാധിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഗവണ്‍മെന്റിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു മെഡിവാക്ക് നിയമം പാര്‍ലമെന്റില്‍ വിജയിച്ചിരുന്നത്. ഈ നിയമം റദ്ദാക്കുന്നതിനല്‍ സെനറ്റില്‍ പര്യാപ്തമായ പിന്തുണ നേടിയെടുക്കുന്നതിന് കഴിഞ്ഞ കുറച്ച് കാലമായി ഗവണ്‍മെന്റ് കടുത്ത ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്.

ഇതിനായി ജാക്കീ ലാംബിയുമായി ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ച വിജയിച്ചതോടെയാണ് ഈ നിയമം റദ്ദാക്കുന്നതിന് സര്‍ക്കാരിന് കരുത്ത് പകര്‍ന്ന് കിട്ടിയത്. ഇന്ന് അഥവാ ബുധനാഴ്ച രാവിലെ മെഡിവാക് പിന്‍വലിക്കാനുള്ള ബില്‍ സെനറ്റില്‍ വോട്ടിനിടുകയും സര്‍ക്കാരിന് അനുകൂലമായി അത് വിജയിക്കുകയുമായിരുന്നു. ഇതിനായി താന്‍ ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റ് സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ മാത്രമാണ് താന്‍ ഇതിന് കൂട്ട് നിന്നിരിക്കുന്നതെന്നും ജാക്കി വ്യക്തമാക്കുന്നു.പ്രസ്തുത നിയമം റദ്ദാക്കുന്നതിന് കൂട്ട് നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട നിവേദനം ജാക്കിക്ക് മുമ്പിലെത്തിയിരുന്നുവെങ്കിലും രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനൊപ്പം നിലകൊണ്ടതെന്നാണ് ജാക്കി വിശദീകരണം നല്‍കിയിരിക്കുന്നത്.



Other News in this category



4malayalees Recommends