മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന ഭാര്യയുടെ കാമുകന്‍ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതി തള്ളി; വിധിയെ ഇനി ചോദ്യം ചെയ്യാന്‍ അരുണിന് അവസരമില്ല; ശിഷ്ടകാലം അഴിക്കുള്ളില്‍

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന ഭാര്യയുടെ കാമുകന്‍ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതി തള്ളി; വിധിയെ ഇനി ചോദ്യം ചെയ്യാന്‍ അരുണിന് അവസരമില്ല; ശിഷ്ടകാലം അഴിക്കുള്ളില്‍

മലയാളിയായ സാം എബ്രഹാം വധക്കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതിയായ ഹൈക്കോടതി തള്ളി. ശിക്ഷാവിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ അനുവദിച്ച കോടതി അരുണ്‍ കമലാസനന്റെ ശിക്ഷ 24 വര്‍ഷമായാണ് കുറച്ചത്. 20 വര്‍ഷം കഴിഞ്ഞ് അരുണിന് പരോള്‍ ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെയാണ് ഇയാള്‍ പരമോന്നത കോടതിയെ സമീപിച്ചത്. അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു അരുണിന്റെ ആവശ്യം. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അനുവദനീയമായ സമയപരിധിയായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രത്യേകാനുമതി അപേക്ഷ സമര്‍പ്പിച്ചത്.എന്നാല്‍ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.


അപ്പീല്‍ അനുവദിക്കാന്‍ മതിയായ കാരണങ്ങളൊന്നും പ്രതി ഉന്നയിക്കാത്തതിനാല്‍, അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ തള്ളുകയാണെന്നും കോടതി ഉത്തരവിട്ടു. ഇതോടെ സാം വധക്കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്നുള്ള വിധി മേല്‍ കോടതിയും ശരിവച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല.

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends