സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 29, വെള്ളിയാഴ്ച നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ചു നടന്നു. പെരുന്നാള്‍ ആഘോഷപരിപാടികള്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍ ആര്‍ജ്ജവം കാണിച്ച കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തോട് ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യഷനും, പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ ഓണ്‍ലൈനിലൂടെ അനുഗ്രഹാശംസകള്‍ നേര്‍ന്നു. സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ സ്വാഗതവും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജോജി പി. ജോണ്‍ നന്ദിയും പ്രകാശിപ്പിച്ചു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക, സുവനീര്‍ കണ്‍വീനര്‍ ജോസഫ് ജോര്‍ജ്ജില്‍ നിന്നും ഏറ്റുവാങ്ങി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് പ്രകാശനം ചെയ്തു.

കുവൈറ്റ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് പ്രസിഡണ്ടും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ ഫാ. ജോണ്‍ ജേക്കബ്, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെക്രട്ടറി റോയ് യോഹന്നാന്‍, സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുവൈറ്റില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ ഫാ. ഗീവര്‍ഗീസ് ജോണ്‍, മഹാ ഇടവക ട്രഷറാര്‍ ജോണ്‍ പി. ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂ, ഭദ്രാസന കൗണ്‍സിലംഗം അബ്രഹാം അലക്‌സ്, എം.ജി.ഓ.സി.എസ്.എം. സെന്റ്രല്‍ കമ്മിറ്റിയംഗം ബിജു ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഹാഇടവകയിലെ പ്രാര്‍ത്ഥനാ യോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും, സണ്ഡേസ്‌ക്കൂള്‍ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുട്ടികള്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്ന് എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ മുഖ്യാകര്‍ഷണങ്ങളായി.



Other News in this category



4malayalees Recommends