ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പെ ഇളവ് നല്‍കിയേക്കും; ഇന്റര്‍‌സ്റ്റേറ്റ് യാത്രകള്‍ ഡിസംബര്‍ 6ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നു

ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പെ ഇളവ് നല്‍കിയേക്കും; ഇന്റര്‍‌സ്റ്റേറ്റ് യാത്രകള്‍ ഡിസംബര്‍ 6ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നു

ഡിസംബര്‍ 6-ഓടെ ക്യൂന്‍സ്‌ലാന്‍ഡ് ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കായി അതിര്‍ത്തികള്‍ തുറന്നേക്കും. നേരത്തെ പ്രഖ്യാപിച്ചതിന് രണ്ടാഴ്ച മുന്‍പ് തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂകിന്റെ റോഡ് മാപ്പ് അനുസരിച്ച് യാത്രാവിലക്കുകളില്‍ ഡിസംബര്‍ 17 മുതല്‍ ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. വാക്‌സിനേഷന്‍ 80 ശതമാനം എത്തിച്ചേരുന്ന മുറയ്ക്കാണ് ഇത് നടപ്പാക്കുക.


എന്നാല്‍ ഈ ലക്ഷ്യം മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ നടപ്പാക്കാനുള്ള ട്രാക്കിലാണ് സ്റ്റേറ്റെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പീറ്റര്‍ എയ്ട്‌കെന്‍ വ്യക്തമാക്കി. ഇത് യാത്രാ സ്വാതന്ത്ര്യം വിപുലമാക്കും. 'നിലവിലെ നിരക്കില്‍ നീങ്ങിയാല്‍ വാക്‌സിനേഷന്‍ ഡിസംബര്‍ 17ന് മുന്‍പ് തന്നെ എത്തിച്ചേരും. അതിനാല്‍ ജനങ്ങളോട് എത്രയും വേഗം വാക്‌സിനെടുത്ത് ഈ തീയതി മുന്നോട്ട് നീക്കാനാണ് ആവശ്യപ്പെടുന്നത്', പീറ്റര്‍ എയ്ട്‌കെന്‍ വിശദമാക്കി.

ഇതൊരു പ്രവചനമായതിനാല്‍ ഡിസംബര്‍ 6 മുതല്‍ 12 വരെയുള്ള തീയതികളില്‍ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂന്‍സ്‌ലാന്‍ഡില്‍ 72 ശതമാനം പേര്‍ക്കാണ് ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. 84 ശതമാനം പേര്‍ക്ക് ഒരു ഡോസും ലഭിച്ചു.

അതേസമയം സ്‌റ്റേറ്റില്‍ 90 ശതമാനം വാക്‌സിനേഷന്‍ എപ്പോള്‍ സാധ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പുകളൊന്നുമില്ലെന്ന് ആക്ടിംഗ് ഉന്നത ഡോക്ടര്‍ വ്യക്തമാക്കി. ജനുവരി ആദ്യത്തോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. 80 ശതമാനം വാക്‌സിനേഷന്‍ നേടിയാല്‍ വ്യോമ, റോഡ് യാത്രകള്‍ വഴി സ്‌റ്റേറ്റില്‍ എത്താം.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കാണ് യാത്ര അനുവദിക്കുന്നത്. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് എടുത്ത നെഗറ്റീവ് ടെസ്റ്റ് ഫലവും ആവശ്യമാണ്. അതേസമയം ക്വാറന്റൈന്‍ ആവശ്യമില്ലെന്നതാണ് സവിശേഷത.
Other News in this category



4malayalees Recommends