തുടര്‍ച്ചയായ അഞ്ചാം ദിവസവും യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ ഇടിഞ്ഞു; 97 പേരുടെ മരണവും രേഖപ്പെടുത്തി; ഭയപ്പെടുത്തുന്ന ഒമിക്രോണ്‍ പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് വിദഗ്ധര്‍; ഒന്നര ലക്ഷം കടന്ന് മരണസംഖ്യ

തുടര്‍ച്ചയായ അഞ്ചാം ദിവസവും യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ ഇടിഞ്ഞു; 97 പേരുടെ മരണവും രേഖപ്പെടുത്തി; ഭയപ്പെടുത്തുന്ന ഒമിക്രോണ്‍ പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് വിദഗ്ധര്‍; ഒന്നര ലക്ഷം കടന്ന് മരണസംഖ്യ

യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും കുറഞ്ഞു. 97 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. 141,472 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 146,390 കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്.


ഇതിനിടെ യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ 150,000 എന്ന നാഴികക്കല്ല് കടന്നു. അതേസമയം ഒമിക്രോണിനെ നേരിടാന്‍ കര്‍ശനമായ വിലക്കുകള്‍ വേണ്ടിവരുമെന്ന് നിഷ്‌കര്‍ഷിച്ച വിദ്ധര്‍ ഇപ്പോള്‍ ഈ പ്രവചനങ്ങള്‍ അസ്ഥാനത്തായി പോയെന്ന് സമ്മതിക്കുന്നു. വിലക്കുകള്‍ കടുപ്പിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് മരണങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദഗ്ധരാണ് ഈ പ്രവചനങ്ങള്‍ തെറ്റിയെന്ന് സമ്മതിക്കുന്നത്.

ഒമിക്രോണ്‍ മുന്‍ വൈറസുകളെ അപേക്ഷിച്ച് കടുപ്പം കുറഞ്ഞതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കി. ഒമിക്രോണ്‍ ബാധിച്ചാല്‍ ഡെല്‍റ്റയെ അപേക്ഷിച്ച് ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത് 50 മുതല്‍ 70 ശതമാനം വരെ കുറവാണെന്ന് യുകെയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ബൂസ്റ്റര്‍ വാക്‌സിനുകള്‍ ഒമിക്രോണിന് എതിരെ മികച്ച സുരക്ഷ ഒരുക്കുന്നുണ്ട്. ജനുവരി 8 വരെ 51,950,528 ആദ്യ ഡോസ് വാക്‌സിനാണ് യുകെയില്‍ നല്‍കിയിട്ടുള്ളത്. 47,677,951 രണ്ടാം ഡോസുകളും നല്‍കിയിട്ടുണ്ട്. 35,499,486 ബൂസ്റ്റര്‍ ഡോസുകളും ജനങ്ങള്‍ക്ക് സ്വീകരിച്ചു.

ബ്രിട്ടനാകും മഹാമാരിയെ എന്‍ഡെമിക്കായി ഒതുക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന സമ്പദ് വ്യവസ്ഥയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹി പറഞ്ഞു. സെല്‍ഫ് ഐസൊലേഷന്‍ ദിവസങ്ങള്‍ ഏഴില്‍ നിന്നും അഞ്ചായി വെട്ടിച്ചുരുക്കാനുള്ള ആവശ്യം ഹെല്‍ത്ത് അധികൃതര്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രികള്‍ ക്രിട്ടിക്കല്‍ കെയര്‍ ഇന്‍സിഡന്റ് രേഖപ്പെടുത്തുന്നത് മഹാമാരിക്ക് മുന്‍പും സ്വാഭാവിക കാര്യമായിരുന്നുവെന്ന് സവാഹി ചൂണ്ടിക്കാണിച്ചു. 2017/18 കാലത്ത് 23 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 130 ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ ഇപ്പോള്‍ ഇത് 24 മാത്രമാണ്, അദ്ദേഹം പറഞ്ഞു.
Other News in this category



4malayalees Recommends