വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, 79, ന്യു യോര്‍ക്കില്‍ അന്തരിച്ചു

വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, 79,  ന്യു യോര്‍ക്കില്‍ അന്തരിച്ചു
ന്യു യോര്‍ക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മുന്‍ സെക്രട്ടറിയും, വൈറ്റ് പ്ലയിന്‍സ് സെന്റ് മേരീസ് പള്ളി മുന്‍ വികാരിയും വല്‍ഹാല സെന്റ് ജോണ്‍സ് ദി ബാപ്റ്റ്സ്റ്റ് യാക്കോബായ സിറിയന്‍ ചര്‍ച്ച് ഇടവകാംഗവുമായ വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, 79, ഫെബ്രുവരി 9നു ന്യു യോര്‍ക്കില്‍ അന്തരിച്ചു.


സംസ്‌കാരം ഫെബ്രുവരി 12 ശനിയാഴ്ച നടത്തും.


പൊതുദര്‍ശനം: ഫെബ്രുവരി 11 വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 200 കൊളംബസ് അവന്യു, വല്‍ ഹാല, ന്യു യോര്‍ക്ക്10595


സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 12: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്: രാവിലെ 8 മണി വി. കുര്‍ബാന, പൊതുദര്‍ശനം 9 മണി. സംസ്‌കാര ശുശ്രൂഷയുടെ അന്തിമ ഘട്ടം: 10 മണി


സംസ്‌കാരം: ഒരു മണി: കെന്‍സിക്കോ സെമിത്തേരി, 273 ലെയ്ക്ക് അവന്യു, വള്‍ഹാല, ന്യു യോര്‍ക്ക്.


ദീപ്തമായ ഭക്തിയും വിശ്വാസവും സഭയില്‍ അടിയുറച്ച് നിന്ന പാരമ്പര്യവുമാണ് അന്തരിച്ച വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പയെ, 79, വ്യത്യസ്തനാക്കുന്നത്.


മലങ്കര യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ തുടക്കക്കാരിലൊരാള്‍ ആയിരുന്നു അദ്ദേഹം . 1970 കളില്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ അദ്ദേഹത്തെപ്പോലുള്ളവര്‍ തുടക്കമിട്ട പാതകളിലൂടെയാണ് 1990 കളില്‍ ഭദ്രസനം രൂപം കൊള്ളുന്നത്


ബഹു. ഈപ്പനച്ചന്‍ ഭദ്രാസന സെക്രട്ടറി ആയിരുന്ന കാലത്താണ് യാക്കോബായ സഭക്ക് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടായതെന്നതും മറക്കാനാവില്ല.


1990 കള്‍ക്ക് മുന്‍പ് യാക്കോബായ സഭക്ക് അമേരിക്കയില്‍ പല സ്റ്റേറ്റുകളിലായി അവിടെയും ഇവിടെയും വിശ്വാസികള്‍ ചിതറിക്കിടന്നിരുന്നു. അവരെയെല്ലാം സംഘടിപ്പിച്ചു പള്ളികള്‍ തുടങ്ങി ഇന്ന് കാണുന്ന ദേവാലയങ്ങളും അവയെ നയിക്കുന്ന ഭദ്രാസനവും കെട്ടിപൊക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സഭാ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഏടായി നിലനില്‍ക്കും.


അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇമലയാളി പ്രവര്‍ത്തകര്‍ അനുശോചിച്ചു


1942 മാര്‍ച്ച് 8 നു കോട്ടയം നീലിമംഗലത്താണ് ജനനം. മൂവാറ്റുപേഴ നിര്‍മ്മല കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 10 വര്‍ഷക്കാലം, കാലം ചെയ്ത അബൂണ്‍ മോര്‍ ബസേലിയസ് പൗലോസ് രണ്ടാമന്‍ ബാവായുടെ സെക്രട്ടറിയായിരുന്നു.


1971 സെപ്റ്റംബറില്‍ അമേരിക്കയില്‍. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ന്യൂജേഴ്‌സിയിലെ തന്നെ ഫെയര്‍ലീ ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ വീണ്ടും ബിരുദാനന്തര ബിരുദം.


ദൈവത്തിനും സഭക്കും ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 18ാം വയസ്സില്‍ ഡീക്കനായി. 1985ല്‍ പൗരോഹിത്യത്തില്‍ പ്രവേശിച്ചു. 61 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ദൈവിക ശുശ്രൂഷ നീണ്ടുനിന്നു.


നാല് വര്‍ഷം നോര്‍ത്ത് അമേരിക്കന്‍ അതിരൂപത സെക്രട്ടറിയായിരുന്നു.


അത്‌പോലെ സ്‌നേഹസമ്പന്നനായ കുടുംബനാഥനായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തിന് മാത്രമല്ല, ബന്ധുമിത്രാദികളുടെ കുടുംബങ്ങള്‍ക്കും പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കി. ഗാര്‍ഡനിംഗും പാചകവും ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ പിസ്സ പാര്‍ട്ടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു.


അമേരിക്കയിലെത്തിയ നാള്‍ മുതല്‍ യാങ്കീസ് ഫാനായിരുന്നു. യാങ്കി തൊപ്പി ഇല്ലാതെ വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ.


ഭാര്യ മേരി ഈപ്പന്‍ മുവാറ്റുപുഴ ഊരമന പാടിയേടത്ത് കുടുംബാംഗമാണ്.


മക്കള്‍: എമിലി ബീസണ്‍, സിബി ഫിലിപ്‌സ്, എബ്രഹാം ഈപ്പന്‍. മരുമക്കള്‍: റയന്‍ ബീസണ്‍, വിനു ഫിലിപ്‌സ്, ജെസീക്ക ഈപ്പന്‍. കൊച്ചുമക്കള്‍: അബിഗയില്‍ ഫിലിപ്‌സ്, നോഹ ഈപ്പന്‍, ഹന്ന ഈപ്പന്‍.


സഹോദരര്‍ നേരത്തെ നിര്യാതരായി. പരേതരായ ഈപ്പന്‍ ഐപ്പ്, ഈപ്പന്‍ വര്‍ഗീസ്, പി.എം മാണി, ഈപ്പന്‍ ചാക്കോ, മറിയാമ്മ കുര്യന്‍ എന്നിവരായിരുന്നു സഹോദരര്‍.


ഷെവലിയര്‍ ജോര്‍ജ് പടിയേടത്ത്, ഇട്ടന്‍ ജെയിംസ്, ഫൊക്കാനഐ.എന്‍.ഓസി. നേതാവ് ജോയി ഇട്ടന്‍, ഡെയ്‌സി പോള്‍ (എബി പോള്‍) എന്നിവര്‍ ഭാര്യാസഹോദരരാണ്


പൂക്കള്‍ക്ക് പകരമായി, Go Fund Me വഴി Janey Foundationനു ഏത് സംഭാവനയും അയക്കാം. വികസ്വര രാജ്യങ്ങളിലെ പാവങ്ങളെ സഹായിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

Other News in this category



4malayalees Recommends