പെട്രോളിന് തീപിടിക്കുന്നു; ആഴ്ചകള്‍ക്കുള്ളില്‍ ലിറ്ററിന് 150 പെന്‍സിലേക്ക്; ഒരു ഫാമിലി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ 81 പൗണ്ട്; സകലമേഖലയിലും വില വര്‍ദ്ധനവ് നേരിടുമ്പോള്‍ ജീവിതം 'അതികഠിനം'!

പെട്രോളിന് തീപിടിക്കുന്നു; ആഴ്ചകള്‍ക്കുള്ളില്‍ ലിറ്ററിന് 150 പെന്‍സിലേക്ക്; ഒരു ഫാമിലി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ 81 പൗണ്ട്; സകലമേഖലയിലും വില വര്‍ദ്ധനവ് നേരിടുമ്പോള്‍ ജീവിതം 'അതികഠിനം'!

പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ തൊട്ടതോടെ ജീവിതച്ചെലവിന്റെ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി ബ്രിട്ടനിലെ ജനം. അവശ്യസാധനങ്ങളുടേത് ഉള്‍പ്പെടെ എല്ലാ മേഖലയിലും വില വര്‍ദ്ധനവ് പ്രകടമാകുന്ന സാഹചര്യത്തില്‍ ഇന്ധനവിലയിലെ മാറ്റം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.


അണ്‍ലീഡഡിന്റെ ശരാശരി വില ലിറ്ററിന് 148.02 പെന്‍സ് എത്തിയിട്ടുണ്ട്. മുന്‍പത്തെ റെക്കോര്‍ഡായ കഴിഞ്ഞ വര്‍ഷം നവംബറിലെ 147.72 പെന്‍സില്‍ നിന്നുമാണ് ഈ കുതിപ്പ്. ദിവസേനയെന്നോണം തന്നെ റെക്കോര്‍ഡ് വില വര്‍ദ്ധന നേരിടാന്‍ തയ്യാറായിരിക്കാനാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഉക്രെയിന്‍ പ്രതിസന്ധി ഉള്‍പ്പെടെ വിവിധ ആഗോള സമ്മര്‍ദങ്ങള്‍ കൂടി ചേരുന്നതോടെ ഇന്ധനവിലയുടെ ഭാവിയും തിരിച്ചടികള്‍ സമ്മാനിച്ചേക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പെട്രോളിന് 150 പെന്‍സ് കടന്നേക്കുമെന്നാണ് കരുതുന്നത്. മോട്ടോറിംഗ് നികുതികള്‍ വെട്ടിക്കുറച്ച് ആശ്വാസം നല്‍കാനുള്ള സമ്മര്‍ദം നേരിടുകയാണ് മന്ത്രിമാര്‍.


ഇന്ധനത്തിന്മേല്‍ ഈടാക്കുന്ന 20% വാറ്റ് ഗണ്യമായി വെട്ടിക്കുറയ്ക്കാനാണ് ആര്‍എസി ആവശ്യപ്പെടുന്നത്. വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നത് പല കുടുംബങ്ങളുടെയും ബജറ്റിനെ അപകടത്തിലാക്കുന്നതായി ഇവര്‍ വ്യക്തമാക്കി.

പത്തില്‍ നാല് മോട്ടോറിസ്റ്റുകളും കാര്‍ ഉപയോഗം വെട്ടിക്കുറയ്ക്കുന്നതായി എഎ പോള്‍ കണ്ടെത്തി. ഇതല്ലെങ്കില്‍ മറ്റ് ചെലവുകള്‍ കുറച്ചാണ് വില വര്‍ദ്ധനവിനെ ഇവര്‍ നേരിടുന്നത്. 55 ലിറ്റര്‍ ടാങ്കുള്ള ഒരു ഫാമിലി കാര്‍ നിറയ്ക്കാന്‍ 2020 മെയില്‍ 58.56 പൗണ്ട് വേണ്ടിയിരുന്നപ്പോള്‍ നിലവില്‍ ഇത് 81.41 പൗണ്ടായാണ് ഉയര്‍ന്നിരിക്കുന്നത്.

ഡീസലിന്റെ വിലയും മുന്നോട്ടാണ് നീങ്ങുന്നത്. ഞായറാഴ്ച ലിറ്ററിന് 151.57 പെന്‍സാണ് വില. നവംബറില്‍ 151.10 പെന്‍സെന്ന റെക്കോര്‍ഡ് കുറിച്ച ശേഷമാണ് ഈ മാറ്റം.

Other News in this category



4malayalees Recommends