ബ്രിട്ടനില്‍ ഭവനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; മഹാമാരി ആരംഭിച്ചത് മുതല്‍ 55,000 പൗണ്ട് വര്‍ദ്ധിച്ചു; ശരാശരി വില 367,501 പൗണ്ടില്‍; ഒരു മാസം മാത്രം 7400 പൗണ്ട് വ്യത്യാസം; പലിശ നിരക്കുകള്‍ ഉയരുമ്പോഴും കടിഞ്ഞാണില്ലാതെ ഭവന വിപണി

ബ്രിട്ടനില്‍ ഭവനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; മഹാമാരി ആരംഭിച്ചത് മുതല്‍ 55,000 പൗണ്ട് വര്‍ദ്ധിച്ചു; ശരാശരി വില 367,501 പൗണ്ടില്‍; ഒരു മാസം മാത്രം 7400 പൗണ്ട് വ്യത്യാസം; പലിശ നിരക്കുകള്‍ ഉയരുമ്പോഴും കടിഞ്ഞാണില്ലാതെ ഭവന വിപണി

മഹാമാരി ആരംഭിച്ചതിന് ശേഷം ബ്രിട്ടനിലെ ഭവനങ്ങള്‍ക്ക് ചോദിക്കുന്ന ശരാശരി വിലയില്‍ 55,000 പൗണ്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന വില വര്‍ദ്ധനവ്. ശരാശരി ഭവനങ്ങള്‍ക്കുള്ള വില തുടര്‍ച്ചയായ നാലാം മാസമാണ് റെക്കോര്‍ഡ് നിരക്കിലെത്തിയത്. മെയ് മാസത്തില്‍ മാത്രം 7400 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ബ്രിട്ടനിലെ പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യപ്പെടുന്ന ശരാശരി വില ഇപ്പോള്‍ 367,501 പൗണ്ടിലാണ് എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തിലെ 360,101 പൗണ്ടില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. വിപണി ഊര്‍ജ്ജിതമായി നിലനിന്ന സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഭവനങ്ങള്‍ക്ക് വിലയേറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. 20 വര്‍ഷത്തിനിടെ ഒരിക്കലും കാണാത്ത വിധത്തിലാണ് ഈ മുന്നേറ്റം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ശരാശരി ചോദിക്കുന്ന വില കൂടിയത് 55,551 പൗണ്ടാണ്. കൊറോണാവൈറസ് മഹാമാരി ആരംഭിക്കുന്നതിന് മുന്‍പുള്ള രണ്ട് വര്‍ഷങ്ങളില്‍ 6218 പൗണ്ട് മാത്രമായിരുന്നു വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് എസ്റ്റേറ്റ് ഏജന്റുമാരെ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ബന്ധപ്പെടാനുള്ള പ്രധാന കാരണം സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയായിരുന്നു.

മഹാമാരിക്ക് മുന്‍പുള്ള 2019ലെ വിപണിയേക്കാള്‍ ഇപ്പോഴും 31% അധികമാണ് ബയേഴ്‌സിന്റെ അന്വേഷണങ്ങള്‍. അതേസമയം ഇതേ വര്‍ഷം ലഭ്യമായിരുന്ന ഭവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാങ്ങാന്‍ ബാക്കിയുള്ള പ്രോപ്പര്‍ട്ടികളുടെ എണ്ണം 55% കുറവായി മാറിയിട്ടുണ്ട്. ഈ വര്‍ഷവും വാങ്ങുന്നവരുടെ എണ്ണവും, ലഭ്യമായ പ്രോപ്പര്‍ട്ടിയുടെ എണ്ണവും തമ്മിലുള്ള അനുപാതം വ്യത്യാസപ്പെട്ടിരിക്കുമെന്ന് റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends