പ്രതിപക്ഷ നേതാവില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായപ്പോള്‍ ആല്‍ബനീസിന്റെ ശമ്പളം 40 ശതമാനം കൂടി ; രണ്ട് കോടി പതിനാലു ലക്ഷം രൂപ !!

പ്രതിപക്ഷ നേതാവില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായപ്പോള്‍ ആല്‍ബനീസിന്റെ ശമ്പളം  40 ശതമാനം കൂടി ; രണ്ട് കോടി പതിനാലു ലക്ഷം രൂപ !!
പ്രതിപക്ഷ നേതാവില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോള്‍ ആന്റണി അല്‍ബനീസിയുടെ ശമ്പളവും മാറി.

ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ പ്രതിപക്ഷ നേതാവിന് ലഭിക്കുന്നത് 3,90,813 ഡോളറാണ്. അതായത്, ഏകദേശം രണ്ട് കോടി പതിനാല് ലക്ഷത്തോളം ഇന്ത്യന്‍ രൂപ.പ്രധാനമന്ത്രിയായതോടെ അല്‍ബനീസിയുടെ ശമ്പളത്തില്‍ ഏകദേശം 40 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാവില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കെത്തിയപ്പോള്‍ ശമ്പളം 5,49,250 ഡോളറായി വര്‍ദ്ധിച്ചു. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് ലഭിച്ചിരുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

നിലവിലെ വിനിമയ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു വര്‍ഷം ശമ്പള ഇനത്തില്‍ മാത്രം മൂന്ന് കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പടുന്ന എംപിമാര്‍ക്കും സെനറ്റര്‍മാര്‍ക്കും അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് 2,11,250 ഡോളറാണ്. കൂടാതെ ഓരോ പദവികള്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം അധിക ആനുകൂല്യമായും റെമ്യുനറേഷന്‍ ട്രൈബ്യൂണല്‍ നിശ്ചയിച്ചിട്ടുണ്ട്.അടിസ്ഥാന വാര്‍ഷിക ശമ്പളത്തോടൊപ്പം നിശ്ചിത ശതമാനം തുക കൂടി ചേര്‍ത്താണ് പ്രധാനമന്ത്രിയുടെയും, മന്ത്രിമാരുടെയുമൊക്കെ ശമ്പളം കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റെടുത്ത മറ്റ് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് ശമ്പള ഇനത്തില്‍ എത്ര തുക ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.ഫെഡറല്‍ മന്ത്രിസഭയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് തൊട്ട് പിന്നില്‍ നില്‍ക്കുന്നത് ഉപ പ്രധാനമന്ത്രിയാണ്. ലേബര്‍ സര്‍ക്കാരില്‍ ഉപ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റിച്ചാര്‍ഡ് മാര്‍ലെസിന്റെ ശമ്പളം മാത്രം 4,33,063 ഡോളറാണ്.

താല്‍ക്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കേണ്ടി വരുമ്പോള്‍, പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാകും ഉപ പ്രധാനമന്ത്രിക്ക് ലഭിക്കുക.ധനകാര്യ വകുപ്പ് മന്ത്രി കാറ്റി ഗല്ലഗര്‍ക്ക് 3,64,406 ഡോളറും, വിദേശകാര്യ വകുപ്പ് മന്ത്രി പെനി വോങ്ങിന് 3,69,688 ഡോളറും പുതിയ ചുമതലയുടെ ഭാഗമായി ലഭിക്കും.

ട്രഷറി വകുപ്പ് കൈകാര്യം ചെയ്യുന്ന ജിം ചാല്‍മേഴ്‌സിന്റെ ശമ്പളം 3,96,094 ഡോളറാണെന്നാണ് കണക്കുകള്‍ പറയുന്നത്.അടിസ്ഥാന ശമ്പളത്തിന് പുറമെ വീട്, കാര്‍, യാത്രബത്ത, അലവന്‍സ്, പെന്‍ഷന്‍, സൂപ്പറാന്വേഷന്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കും.

ഔദ്യോഗിക വസതിക്ക് പുറത്തുള്ള താമസത്തിനായി പ്രധാനമന്ത്രിക്ക് 583 ഡോളറാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. മറ്റ് മന്ത്രിമാര്‍ക്കും, പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഓരോ നഗരത്തിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 276 ഡോളര്‍ മുതല്‍ 566 ഡോളര്‍ വരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വിവിധ അംഗങ്ങള്‍ക്ക് ലഭിക്കും.

Other News in this category



4malayalees Recommends