രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ അവസാനിക്കുന്നതിനായി കാത്തുനില്‍ക്കാതെ ഹാരിയും, മെഗാനും സ്ഥലംവിട്ടു. ആഘോഷത്തിന്റെ നാലാം ദിനത്തില്‍ രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സസെക്സ് ദമ്പതികള്‍ രാജ്യംവിട്ടത്.
ആഘോഷങ്ങളുടെ അവസാന ഘട്ടമായ പ്ലാറ്റിനം ജൂബിലി പേജെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മക്കളായ ആര്‍ച്ചിയെയും, ലിലിബെറ്റിനെയും കൂട്ടി ഹാരിയും, മെഗാനും വിമാനത്തില്‍ കയറിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ഫ്രോഗ്മോര് കോട്ടേജില്‍ നിന്നും ഫാണ്‍ബറോ വിമാനത്താവളത്തിലേക്ക് കുടുംബം യാത്ര തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം 160,000 പൗണ്ട് ചെലവിട്ടാണ് ദമ്പതികള്‍ യുകെയിലേക്ക് യാത്ര ചെയ്തത്. ഇതിന്റെ പണം രാജ്ഞി നല്‍കുമോയെന്ന് വ്യക്തമല്ല. രാജ്ഞിയുടെ നാല് ദിവസത്തെ ആഘോഷങ്ങളില്‍ പൊതജനമധ്യത്തില് നിന്നും അകന്ന് നില്ക്കാന് ഹാരിയും, മെഗാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വെള്ളിയാഴ്ച സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന താങ്ക്സ്ഗിവിംഗ് സര്‍വ്വീസില്‍ മാത്രമാണ് ഹാരിയും, മെഗാനും നേരിട്ട് പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയത്. കുഞ്ഞ് ലിലിബെറ്റിന്റെ ഒന്നാം പിറന്നാള്‍ പാര്‍ട്ടിയില്‍ ജൂനിയര്‍ രാജകുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.
അവസാന ദിവസം രാജകുടുംബം നയിക്കുന്ന ഭാവി രാജാവിനും, യുവരാജാക്കന്മാര്‍ക്കും ഒപ്പമാണ് രാജ്ഞി ബാല്‍ക്കണിയില്‍ എത്തിയത്. ഇതിന്റെ ഏഴയലത്ത് പോലും ഹാരിയ്ക്കും, മെഗാനും പ്രവേശനവമുമില്ല. ഈ ഘട്ടത്തിലാണ് വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ സസെക്സ് ദമ്പതികള്‍ യുഎസിലേക്ക് മടങ്ങിയത്.