ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി കസേര തെറിക്കുമോ? കാര്യങ്ങള്‍ രാത്രിയോടെ തീരുമാനമാകും; അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ബോറിസിന് എതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ജെറമി ഹണ്ട്

ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി കസേര തെറിക്കുമോ? കാര്യങ്ങള്‍ രാത്രിയോടെ തീരുമാനമാകും; അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ബോറിസിന് എതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ജെറമി ഹണ്ട്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവിയില്‍ ബോറിസ് ജോണ്‍സണ്‍ തുടരുമോ? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ അവിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായ കത്തുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ചതോടെയാണ് രഹസ്യ ബാലറ്റില്‍ കണ്‍സര്‍വേറ്റീവ് എംപിമാര്‍ വോട്ട് ചെയ്യുക.

ടോറി വിമതരുടെ ശല്യം ഒറ്റയടിക്ക് അവസാനിപ്പിക്കുകയോ, സേവനം അവസാനിപ്പിക്കുകയോ ചെയ്യാമെന്ന നിലപാടിലാണ് ബോറിസ്. കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബോറിസിനെ നീക്കാന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്താല്‍ മറ്റൊരു നേതൃപോരാട്ടത്തിന് തുടക്കമാകും. പകരം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി ബോറിസ് തുടരേണ്ടി വരും.

180 എംപിമാരുടെയെങ്കിലും പിന്തുണയാണ് ബോറിസിന് പിടിച്ചുനില്‍ക്കാന്‍ ആവശ്യമുള്ളത്. ഏകപക്ഷീയ വിജയത്തില്‍ കുറഞ്ഞതൊന്നും അദ്ദേഹത്തെ സഹായിക്കുകയുമില്ല. അവിശ്വാസ വോട്ടില്‍ വിജയിച്ച ശേഷം രാജിവെച്ച പാരമ്പര്യമാണ് തെരേസ മേയും, മാര്‍ഗററ്റ് താച്ചറും മുന്നോട്ട് വെച്ചിട്ടുള്ളത്.


പാളയത്തില്‍ പടയെന്ന അവസ്ഥയിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഔദ്യോഗിക വസതിയില്‍ ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയ ബോറിസ് നടപടിക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ എംപിമാര്‍ രംഗത്ത്. വിശ്വാസ വോട്ട് ആവശ്യപ്പെട്ട് ഭരണകക്ഷിയിലെ 54 എംപിമാര്‍ കത്തുനല്‍കിയെന്നാണ് സൂചന.

25 എംപിമാരോളം പരസ്യമായി രംഗത്തുവന്നിരുന്നു. 15 എംപിമാര്‍ കൂടി വിമതപക്ഷം ചേര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയമം അനുസരിച്ച് 15 ശതമാനം പേര്‍ വിശ്വാസ വോട്ട് ആവശ്യപ്പെട്ടു കത്തു നല്‍കിയാല്‍ നടത്തണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നിലവില്‍ 359 എംപിമാരാണ് പാര്‍ലമെന്റില്‍ ഉള്ളത്. അതായത് 54 എംപിമാര്‍ കത്തു നല്‍കിയാല്‍ വിശ്വാസ വോട്ട് തേടാന്‍ ബോറിസ് തയ്യറാകണം.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസല്‍ക്കാരങ്ങള്‍ നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ കനത്തത്.

ലോക്ഡൗണ്‍ കാലത്ത് ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയില്‍ അടക്കം മന്ത്രിഭവനങ്ങളില്‍ ക്രിസ്മസ് പാര്‍ട്ടികള്‍ നടന്ന വിവരം കഴിഞ്ഞ വര്‍ഷാവസാനം പുറത്തറിഞ്ഞതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ 'ദ് ഗാര്‍ഡിയന്‍' ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത്. ഇതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.

വോട്ടെടുപ്പില്‍ ജോണ്‍സണു ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രിയായി തുടരാം. മറ്റൊരു അവിശ്വാസ വോട്ടെടുപ്പിന് 12 മാസം കഴിയാതെ സാധിക്കുകയുമില്ല. പരാജയപ്പെട്ടാല്‍ രാജിയല്ലാതെ വഴിയില്ല.

Other News in this category



4malayalees Recommends