ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കരുത് : ലീലാ മാരേട്ട്

ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കരുത് : ലീലാ മാരേട്ട്
ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കി മാറ്റരുതെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുമ്പോള്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗം പണക്കൊഴുപ്പിന്റേയും, ചതിയുടെയും, ചാക്കിട്ട് പിടുത്തത്തിന്റേയും വേദിയാക്കി മാറ്റി ഫൊക്കാനയുടെ അന്തസിനു തന്നെ കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കാണുന്നത്. മൂന്നാം കിട രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളെക്കാള്‍ കഷ്ടമാണ് കാര്യങ്ങള്‍. ഇത്തരം പ്രവൃത്തികള്‍ക്ക് ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ കൂട്ടുനില്‍ക്കരുത്. കാരണം ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. നിരവധി സംഘടനകള്‍ ചേര്‍ന്ന ഒരു സംഘടന . അതിന്റെ അടിത്തറ സ്‌നേഹത്തിലും സാഹോദര്യത്തിലും പടുത്തുയര്‍ത്തിയതാണ്. പണാധിപത്യം കടന്നു കൂടുന്ന ഏതൊരു സംഘടനയെയും പോലെ ഫൊക്കാനയും ഹൈജാക്ക് ചെയ്യപ്പെടും . കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് നമ്മള്‍ അത് കണ്ടതാണ്. അതിന്റെ പ്രതിസന്ധികളില്‍ നിന്നാണ് പുതിയ കമ്മിറ്റിയെ ഇലക്ഷന്‍ പോലും ഇല്ലാതെ സ്വയം അവരോധിക്കപ്പെട്ടത്. ഇത്തരം ജനാധിപത്യമല്ലാത്ത പ്രക്രിയകള്‍ ഇനിയും ഈ സംഘടനയില്‍ ഉണ്ടായിക്കൂടാ. ഒരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിക്ക് കീഴില്‍ പ്രഖ്യാപിച്ച മറ്റു സ്ഥാനാര്‍ത്ഥികളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കുക തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നന്മ തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല. പഴയ തലമുറ നേതാക്കളെ അപ്പാടെ ഒഴിവാക്കി ഒരു കോര്‍പ്പറേറ്റ് സംവിധാനം ഫൊക്കാനയില്‍ കൊണ്ടുവരുന്നത് ആശാസ്യമല്ല. അത് പഴയ തലമുറയിലെ നേതാക്കള്‍ക്ക് വഴിയെ മനസിലാകുമെന്നും ലീലാ മാരേട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ ഉറച്ചുനില്‍ക്കുകയാണ് . കഴിഞ്ഞ ഇരുപത് വര്‍ഷമായി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തനിക്ക് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിയുടെ പ്രസിഡന്റ് ആകാന്‍ യോഗ്യതയുണ്ട്. തന്നെയും ടീമിനെയും ജയിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഫൊക്കാനയുടെ ഓരോ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അത് ഫൊക്കാന അംഗങ്ങള്‍ വിനിയോഗിക്കും എന്നുറപ്പുണ്ട്. ലീലാ മാരേട്ട് പറഞ്ഞു.


Other News in this category



4malayalees Recommends