ഒപ്റ്റസ് സൈബര്‍ ആക്രമണത്തിന് ഇരയായവര്‍ ലൈസന്‍സ് പുതുക്കണം ; സൗജന്യമായി തന്നെ സേവനം ; ഓരോ സംസ്ഥാനങ്ങളിലും രീതികളില്‍ വ്യത്യസ്തം

ഒപ്റ്റസ് സൈബര്‍ ആക്രമണത്തിന് ഇരയായവര്‍ ലൈസന്‍സ് പുതുക്കണം ; സൗജന്യമായി തന്നെ സേവനം ; ഓരോ സംസ്ഥാനങ്ങളിലും രീതികളില്‍ വ്യത്യസ്തം
ഒപ്റ്റസ് ഫോണ്‍ ഉപയോഗിക്കുന്നതും, മുമ്പ് ഉപയോഗിച്ചിരുന്നതുമായ ഒരു കോടിയിലേറെ പേരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ സൈബറാക്രമണത്തില്‍ ചോര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് ഇരയായവരുടെ ഡ്രൈവിംഗ് ലൈസന്‍സും, പാസ്‌പോര്‍ട്ടും, ഉള്‍പ്പെടെയുള്ള രേഖകള്‍ പുതുക്കാനാണ് നിര്‍ദ്ദേശം.

പല രേഖകളും സൗജന്യമായി പുതുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ നിങ്ങള്‍ ലൈസന്‍സ് പുതുക്കണമോ എന്ന കാര്യം വരും ദിവസങ്ങളില്‍ ഒപ്റ്റസ് നേരിട്ട് അറിയിക്കും എന്നാണ് സംസ്ഥാന ഡിജിറ്റല്‍ ഭരണവകുപ്പ് മന്ത്രി വിക്ടര്‍ ഡൊമിനെല്ലോ വ്യക്തമാക്കിയത്.

സര്‍വീസ് NSWന്റെ വെബ്‌സൈറ്റില്‍ പോയി ലൈസന്‍സ് പുതുക്കാനായി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു ഇടക്കാല ലൈസന്‍സ് നമ്പര്‍ ഉടന്‍ ലഭ്യമാകുമെന്നും, 10 ദിവസത്തിനുള്ളില്‍ പുതിയ ലൈസന്‍സ് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ലൈന്‍സ് പുതുക്കുന്നതിനുള്ള 29 ഡോളര്‍ ഫീസ് നിങ്ങള്‍ നല്‍കേണ്ടിവരും.എന്നാല്‍ ഇത് ഒപ്റ്റസ് തിരികെ നല്‍കും എന്നാണ് വിക്ടര്‍ ഡോമിനെല്ലോ വ്യക്തമാക്കിയത്.

വിക്ടോറിയയില്‍ സൈബറാക്രമണത്തിന് ഇരയായ വിക്ടോറിയക്കാര്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കും. എന്നാല്‍, സാധാരണ രീതിയില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷാ രീതി പിന്തുടരാന്‍ പാടില്ല എന്നാണ് വിക്‌റോഡ്‌സ് നിര്‍ദ്ദേശിച്ചത്.അതിനു പകരം www.vicroads.vic.gov.au/optusbreach എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം.ലൈസന്‍സ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി അതുവഴി സര്‍ക്കാര്‍ നടപടിയെടുക്കും.ആവശ്യമുള്ളവര്‍ക്ക് എങ്ങനെ ലൈസന്‍സ് പുതുക്കാമെന്ന നിര്‍ദ്ദേശവും ഇതുവഴി നല്‍കും.ഒപ്റ്റസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമാകും ലൈസന്‍സ് പുതുക്കി നല്‍കുന്നത്.ഇതിന്റെ ചെലവ് ഒപ്റ്റസില്‍ നിന്ന് ഈടാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ക്വീന്‍സ്ലാന്റില്‍ സൈബറാക്രമണത്തിന് വിധേയരായി എന്ന് ഒപ്റ്റസില്‍ നിന്ന് അറിയിപ്പ് ലഭിച്ച ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കാം.

പുതിയ ലൈസന്‍സ് നമ്പരായിരിക്കും ക്വീന്‍സ്ലാന്റുകാര്‍ക്കും ലഭിക്കുക. രേഖകള്‍ ചോര്‍ന്നു എന്നറിയിക്കുന്ന ഒപ്റ്റസില്‍ നിന്നുള്ള സന്ദേശമോ, നിയമസംവിധാനങ്ങളില്‍ നിന്നുള്ള അറിയിപ്പോ സഹിതമാകണം ട്രാന്‍സ്‌പോര്‍ട്ട് ആന്റ് മെയിന്‍ റോഡ്‌സ് കസ്റ്റമര്‍ സര്‍വീസ് കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ടത്

സൗത്ത് ഓസ്‌ട്രേലിയയിലും സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കും എന്ന് പ്രീമിയര്‍ പീറ്റര്‍ മലിനോസ്‌കസ് അറിയിച്ചു.ലൈസന്‍സ് നമ്പര്‍ മാറ്റിയ ശേഷം പുതിയ ലൈസന്‍സ് കാര്‍ഡ് തപാല്‍ മുഖേന അയച്ചുതരും.mySAGOV അക്കൗണ്ടും ആപ്പും വഴി പുതിയ ലൈസന്‍സ് ഉടനടി ലഭ്യമാകുകയും ചെയ്യും.ഇതിനകം ലൈസന്‍സ് പുതുക്കാന്‍ ഫീസ് നല്‍കിയവര്‍ക്ക് അത് സര്‍വീസ് SA തിരികെ നല്‍കും.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.വിവരങ്ങള്‍ നഷ്ടമായവരെ വരും ദിവസങ്ങളില്‍ ഒപ്റ്റസ് നേരിട്ട് ബന്ധപ്പെടുമെന്ന് ഗതാഗത മന്ത്രി റിത്ത സഫിയോറ്റി പറഞ്ഞു.ഇത്തരത്തില്‍ അറിയിപ്പ് ലഭിക്കുന്നവര്‍ ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സര്‍വീസ് സെന്ററിലെത്തിയാല്‍ ലൈസന്‍സ് പുതുക്കാം

ടാസ്‌മേനിയക്കാര്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കാനുള്ള അവസരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ആക്രമണത്തിന് ഇരയായവര്‍ക്ക് 11.49 ഡോളര്‍ ഫീസ് നല്‍കി ലൈസന്‍സ് പുതുക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.അല്ലെങ്കില്‍ സാധാരണയുള്ള ലൈസന്‍സ് ഫീസ് നല്കി പുതുക്കാനും കഴിയും.ഒപ്റ്റസ് അതിന്റെ ചെലവ് വഹിക്കാം എന്ന് ഇതുവരെയും സമ്മതിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Other News in this category4malayalees Recommends